china-srilanka-road-

കൊളംമ്പോ : സാമ്പത്തിക സഹായം നൽകി രാജ്യങ്ങളെ ചൊൽപ്പടിക്കു നിർത്തുന്ന തന്ത്രം ചൈനയ്ക്ക് മുൻപേ ചില പാശ്ചാത്യ രാഷ്ട്രങ്ങൾ പയറ്റിയിരുന്നു. എന്നാൽ ഇതിൽ നിന്നും ഒരു പടി കൂടി കടന്ന് വിദേശ രാജ്യങ്ങളിൽ അടിസ്ഥാന സൗകരങ്ങൾ സൗജന്യമായി നിർമ്മിച്ച് നൽകാം എന്ന വാഗ്ദ്ധാനം നൽകി നിക്ഷേപങ്ങൾ നടത്തി രാജ്യങ്ങളെ കടക്കെണിയിലാക്കുന്ന തന്ത്രമാണ് ചൈന ഇപ്പോൾ ചെയ്യുന്നത്. നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാനിലും, ചില ആഫ്രിക്കൻ രാജ്യങ്ങളിലുമാണ് ചൈന ഈ വിദ്യ പരീക്ഷിച്ചത്. പിന്നാലെ മറ്റു രാഷ്ട്രങ്ങളെയും തങ്ങളിലേക്ക് ആകർഷിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിലൊന്നാണ് മരതക ദ്വീപ് എന്നറിയപ്പെടുന്ന ശ്രീലങ്കയിൽ സംഭവിക്കുന്നത്.

ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനികൾ വൻ തോതിലാണ് ശ്രീലങ്കയിൽ നിക്ഷേപം നടത്തുന്നത്. ഈ നിക്ഷേപങ്ങളിലൂടെ ചൈനയ്ക്ക് ശ്രീലങ്കയിലേക്കുള്ള കടന്നു കയറ്റത്തിന് മൗനാനുവാദവും ലഭിക്കുന്നുണ്ട്. ഇത് ദ്വീപ് രാഷ്ട്രത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്ന് നയതന്ത്ര വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ചൈന കമ്മ്യൂണിക്കേഷൻ കൺസ്ട്രക്ഷൻ കമ്പനിയുടെ (സിസിസിസി) ഭാഗമായ ചൈന ഹാർബർ എഞ്ചിനീയറിംഗ് കമ്പനി (സിഎച്ച്സിസി) കൊളംബോയ്ക്ക് സമീപം 17 കിലോമീറ്റർ ഹൈവേ നിർമിക്കുവാനുള്ള കരാർ സ്വന്തമാക്കിയതാണ് ശ്രീലങ്കയിലെ ചൈനീസ് ഇടപെടലുകളിൽ അവസാനത്തേത്. ദേശീയപാതയുടെ ഉടമസ്ഥാവകാശവും 18 വർഷത്തേക്കുള്ള പ്രവൃത്തന ലാഭവും ചൈനീസ് കമ്പനിക്കാവും. എന്നാൽ ഇടപാടുകളിലെ നൂലാമാലകളിൽ വിദേശ രാജ്യങ്ങളെ കുരുക്കുന്നതാണ് ചൈനയുടെ പതിവ് രീതി.

ദേശീയ പാതകളുടെ നിർമ്മാണം ബി ഒ ടി അടിസ്ഥാനത്തിൽ വിദേശ കമ്പനികൾക്ക് നൽകുന്നതിനെ ശ്രീലങ്ക മുൻപ് അനുകൂലിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ചൈനീസ് ഇംഗിതത്തിന് വഴങ്ങിയിരിക്കുകയാണ്.
ഈ പദ്ധതിക്ക് പുറമേ 1.4 ബില്യൺ ഡോളർ വിലമതിക്കുന്ന മട്ടാല ഇന്റർനാഷണൽ എയർപോർട്ട്, ഹംബട്ടോട്ട തുറമുഖം, കൊളംബോ പോർട്ട് സിറ്റി എന്നിവിടങ്ങളിൽ ചൈനയുടെ കരങ്ങൾ പതിഞ്ഞിട്ടുണ്ട്.


കൊളംബോ പോർട്ട് സിറ്റി പദ്ധതി
ശ്രീലങ്കയിലെ ഏറ്റവും വലിയ സ്വകാര്യമേഖലയുടെ സഹായത്തോടെയുള്ള വികസന പദ്ധതിയാണ് കൊളംബോ പോർട്ട് സിറ്റി പ്രോജക്ട്. കൊളംബോ പോർട്ട് സിറ്റി ഇക്കണോമിക് കമ്മീഷൻ ബില്ലിന് 2021 മേയ് മാസത്തിൽ ശ്രീലങ്കൻ പാർലമെന്റ് അംഗീകാരം നൽകി. ഈ പദ്ധതി ശ്രീലങ്കയെ ചൈനയുടെ കോളനിയാക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ശ്രീലങ്കയുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നതിനൊപ്പം ബിൽ ചൈനയ്ക്ക് അനിയന്ത്രിതമായ ശക്തി നൽകുന്നുവെന്നാണ് ശ്രീലങ്കയിലെ പല വിദഗ്ദ്ധരുടേയും അഭിപ്രായം.