bomb-blast-

ഇസ്ലാമാബാദ് : ഇന്ത്യയിലേക്ക് ഭീകരരെ പല തവണ കയറ്റുമതി ചെയ്ത, മുംബയ് ആക്രമണത്തിലടക്കം പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നിൽ അടുത്തിടെ സ്‌ഫോടനമുണ്ടായിരുന്നു. ഭീകരന്റെ മടയിൽ കയറി സ്‌ഫോടനം നടത്തിയത് ഇന്ത്യയുടെ ചാരസംഘടനയായ റോയാണെന്ന് ആരോപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ജൂൺ 23നാണ്
ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ സ്‌ഫോടനമുണ്ടായത്.

ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) മൊയ്ദ് യൂസഫ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് സ്‌ഫോടനത്തിന് ആസൂത്രണം വഹിച്ചത് റോയാണെന്ന് ആരോപിച്ചത്. പാക് മന്ത്രി ഫവാദ് ചൗധരി, പഞ്ചാബ് പോലീസ് മേധാവി ഇനാം ഘാനി എന്നിവരോടൊപ്പമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാദ്ധ്യമങ്ങളെ കണ്ടത്. ലാഹോർ സ്‌ഫോടനത്തിന്റെ സൂത്രധാരൻ ഇന്ത്യൻ പൗരനാണെന്നും റോയുമായി ബന്ധമുണ്ടെന്നും പാക് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ലാഹോറിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ശേഖരിച്ച സാമ്പത്തിക, ടെലിഫോൺ രേഖകൾ ഉൾപ്പെടെയുള്ള വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും, അത് വിരൽ ചൂണ്ടുന്നത് സംഭവത്തിൽ ഇന്ത്യയ്ക്കുള്ള ബന്ധമാണെന്നും പാക് അധികൃതർ പറയുന്നു. ലാഹോർ സ്‌ഫോടനത്തിന്റെ തെളിവുകൾ കണ്ടെത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും, ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

'പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഉത്സാഹത്തെയും വേഗതയെയും ഞാൻ അഭിനന്ദിക്കുന്നു ... ഞങ്ങളുടെ എല്ലാ സിവിൽ, സൈനിക രഹസ്യാന്വേഷണ ഏജൻസികളുടെയും മികച്ച ഏകോപനത്തെ അഭിനന്ദിക്കുന്നു,' പാകിസ്ഥാൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

എന്നാൽ ഈ സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.