തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഡി വൈ എഫ് ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു. ലഹരിമാഫിയ, ക്വട്ടേഷൻ ബന്ധങ്ങളിൽ നേതാക്കൾക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ജില്ലാ കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെന്‍റർ നടപടി അംഗീകരിച്ചു.
സി പി എം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡി വൈ എഫ് ഐ നേതാവിനെ സംരക്ഷിക്കുകയും ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ പങ്കെടുപ്പിക്കുകയും ചെയ്‌ത നടപടി വിവാദമായിരുന്നു. പ്രതി കൂടി പങ്കെടുത്ത ബ്ലോക്ക് കമ്മിറ്റിയുടെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതും ഡി വൈ എഫ് ഐക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം വലിയ ചർച്ചയായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ലഹരിബന്ധത്തിന്‍റെ പേരില്‍ നടപടി. കരിപ്പൂർ കേസിൽ ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോർട്ടുകൾ സി പി എമ്മിന് വലിയ തലവേദനയാണ് സൃഷ്‌ടിക്കുന്നത്.