അഹമ്മദാബാദ്: അനധികൃതമായി ഓഫീസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് നിർബന്ധിത വിരമിക്കൽ നൽകിയ ഉദ്യോഗസ്ഥന്റെ വിചിത്രമായ ഭീഷണി വാർത്തയാകുന്നു. ഗുജറാത്ത് ജലവിഭവ വകുപ്പിൽ സൂപ്രണ്ട് എഞ്ചിനീയറായിരുന്ന രമേശ്‌ചന്ദ്ര ഫെഫാർ ആണ് കഥയിലെ നായകൻ. സ്വയം മഹാവിഷ്‌ണുവിന്റെ പത്താമത് അവകാശമായ കൽക്കിയാണെന്ന് വാദിച്ചിരുന്ന ഇയാൾ ഓഫീസിൽ ഹാജരായിരുന്നില്ല. തുടർന്ന് സർക്കാർ ഇയാൾക്ക് നിർബന്ധിത വിരമിക്കൽ നൽകി.
വിരമിച്ച ശേഷം തനിക്ക് നൽകാനുണ്ടായിരുന്ന 16 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും ഒരു വർഷത്തെ ശമ്പളത്തിന്റെ കുടിശികയായ 16 ലക്ഷവും നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. തുടർന്ന് സർക്കാർ സംവിധാനത്തിലിരിക്കുന്ന അസുരന്മാർ തന്നെ ബുദ്ധിമുട്ടിക്കുകയാണെന്നും തനിക്ക് നൽകാനുളള പണം നൽകണമെന്നും കാട്ടി ഫെഫാർ ജലവിഭവ വകുപ്പ് സെക്രട്ടറിയ്‌ക്ക് കത്തെഴുതി. തുടർന്നാണ് വിചിത്രമായ വാദം ഇയാൾ കത്തിൽ പറഞ്ഞത്.
'സത്യയുഗത്തിലെ വിഷ്‌ണുവിന്റെ പത്താം അവതാരമായ കൽക്കിയാണ് ഞാൻ. ലോകമാകെ ഞാൻ വലിയ വരൾച്ച കൊണ്ടുവരും.' സർദാർ സരോവർ പുനർവാസ്വവത് ഏജൻസിയിൽ എഞ്ചിനീയറായിരുന്നു ഫെഫാർ. നർമദാ ഡാം പദ്ധതിയിൽ വീട് നഷ്‌ടമായവരുടെ പുനരധിവാസത്തിന് നടക്കുന്ന പ്രൊജക്‌ടാണത്.
2018ൽ വെറും 16 ദിവസമാണ് ഫെഫാർ ജോലിക്ക് ഹാജരായത്.എന്നിട്ടും മുഴുവൻ ആനുകൂല്യങ്ങളും വേണമെന്നാണ് ആവശ്യം. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി രാജ്യത്ത് നല്ല മഴ മഴ ലഭിക്കാൻ കാരണം താനാണെന്നും എന്നിട്ടും സർക്കാർ പദവിയിലിരിക്കുന്ന അസുരന്മാർ തന്നെ ഉപദ്രവിക്കുകയാണെന്നും ഫെഫാർ കത്തിൽ അവകാശപ്പെടുന്നു.