ലോക്ക്ഡൗണിൽ ഓൺലൈൻ ഡെലിവറി നടത്തുന്നവർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കേണ്ടതാണ്. കൊവിഡ് രോഗ ഭീതിയിൽ വീടിന് പുറത്തിറങ്ങാതെ ലക്ഷക്കണക്കിന് പേർക്ക് അവശ്യ സാധനങ്ങളെത്തിച്ചും, കൊവിഡ് നിയന്ത്രണത്തിൽ സർക്കാരിനെ സഹായിച്ചു പതിനായിരക്കണക്കിന് യുവാക്കളാണ് വിവിധ ഓൺലൈൻ സർവീസുകളിൽ ജോലി നോക്കുന്നത്. ഇതിന് പുറമേ തൊഴിൽ നഷ്ടമായവർക്ക് ഇതിലൂടെ ചെറുതെങ്കിലും കുടുംബം പുലർത്താനുള്ള വരുമാനവും ലഭിക്കുന്നു.
എന്നാൽ ആഹാരവുമായി വാതിൽ പടിയിലെത്തിയ ഡെലിവറി ബോയിയെ മർദ്ദിക്കുകയും, ആഹാരം ചവിട്ടി ദൂരേയ്ക്ക് തെറിപ്പിക്കുകയും ചെയ്യുന്ന യുവാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യമാണ് പ്രചരിക്കുന്നത്. നൂറുകണക്കിനാളുകൾ വീഡിയോയ്ക്ക് താഴെ പ്രതിഷേധവുമായി കമന്റ് ബോക്സിൽ അഭിപ്രായം രേഖപ്പെടുത്തുന്നുമുണ്ട്.