കോഴിക്കോട്: ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ ഇടംനേടി മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുകൂട്ടുകാരൻ. കോഴിക്കോട് പുറമേരി സ്വദേശിയായ റെയ്‌നാൻ ശ്രീജേഷ് എന്ന നാലുവയസുകാരനാണ് പലരേയും അമ്പരപ്പിച്ച് ഈ റെക്കോഡിന് അർഹനായിരിക്കുന്നത്. 200 പതാകകൾ തിരിച്ചറിഞ്ഞ്, രാജ്യങ്ങളുടെ പേരും തലസ്ഥാനവും നാണയങ്ങളും പറഞ്ഞാണ് ഈ നാലുവയസുകാരൻ ചരിത്രത്തിൽ ഇടം നേടുന്നത്.
ലോകരാഷ്ട്രങ്ങളുടെ മുഴുവൻ പതാകകളും കണ്ടാൽ തിരിച്ചറിയുക മാത്രമല്ല അതിനോടൊപ്പം അവയുടെ തലസ്ഥാനങ്ങളും നാണയങ്ങളും പറയാൻ റെയ്‌നാന് വെറും 8 മിനിറ്റ് 56 സെക്കൻഡ് മതി. കൂടാതെ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും ഔദ്യോഗികഭാഷയുമെല്ലാം നിമിഷ വേഗം കൊണ്ട് ഈ കൊച്ചുമിടുക്കൻ പറയും.
നാനു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റെയ്‌നാൻ കഴിവുകൾ ലോകത്തെ അറിയിക്കാനായി യൂ ട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറായ അച്ഛൻ ശ്രീജേഷിനും അമ്മ ശ്രുതിക്കും ഒപ്പം ദുബായിലാണ് റെയ്‌നാൻ താമസിക്കുന്നത്. ലോക്ക്ഡൗൺ കാലം കഴിഞ്ഞ് അടുത്ത അദ്ധ്യായന വർഷത്തോടെ റെയ്‌നാനെ സ്‌കൂളിൽ ചേർക്കാനാണ് രക്ഷകർത്താക്കളുടെ പദ്ധതി.