മുംബയ്: എൾഗാർ കേസിൽ കുറ്റാരോപിതനായ ക്രിസ്ത്യൻ പുരോഹിതൻ സ്റ്റാൻ സ്വാമി അന്തരിച്ചു. കഴിഞ്ഞ മേയ് മുതൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 84 വയസുകാരനായ സ്റ്റാൻ സ്വാമിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലെ വാദം കേൾക്കുന്നതിനായി മുംബയ് കോടതി കേസ് എടുത്തപ്പോഴാണ് സ്റ്റാൻ സ്വാമി മരണമടഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുന്നത്. മേയ് മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സ്റ്റാൻ സ്വാമിയെ ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇന്ന് രാവിലെയാണ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കോടതി അത് പരിഗണിക്കുന്നതിന് മുമ്പ് തന്നെ മരണമടഞ്ഞിരുന്നു.
ഞായറാഴ്ച അർദ്ധരാത്രിയോടു കൂടി തന്നെ സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില വഷളായിരുന്നു. കൊവിഡിൽ നിന്ന് മുക്തനായിരുന്നുവെങ്കിലും അതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ സ്വാമിയെ അലട്ടിയിരുന്നതായി അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.