cracker

കോയമ്പത്തൂ‌‌ർ: തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഇളവുകൾ അനുവദിച്ചു. ഇതോടെ മറ്റ് സ്ഥാപനങ്ങൾക്കൊപ്പം മദ്യശാലകളും തുറന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ വിൽപന അനുവദിക്കുന്നുള‌ളു. മാത്രമല്ല മാസ്‌ക് ശരിയായ രീതിയിൽ ധരിച്ച് വരുന്നവർക്കേ മദ്യം നൽകൂ.

മദ്യശാലകൾ തുറന്ന സന്തോഷത്തിൽ കോയമ്പത്തൂർ നഗരത്തിലുൾപ്പടെ പലയിടത്തും മദ്യപാനികൾ വിൽപനശാലകൾക്ക് മുന്നിൽ തേങ്ങയുടച്ചും പടക്കങ്ങൾ പൊട്ടിച്ചും സംഗതി ആഘോഷമാക്കി. രണ്ട് മാസത്തിന് ശേഷമാണ് മദ്യഷോപ്പുകൾ തുറക്കുന്നത്. എന്നാൽ ഡിഎം‌കെ സ‌ർക്കാരിന്റെ ഈ തീരുമാനത്തിൽ ബിജെപിയും എ‌ഐ‌ഡി‌എം‌കെയും പ്രതിഷേധിച്ചു. മുൻ സർക്കാരിന്റെ കാലത്ത് മദ്യശാലകൾ തുറന്ന് പ്രവർത്തിച്ചപ്പോൾ ഡിഎം‌കെ വിമർശിച്ചതിനെയാണ് ഈ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കൃത്യമായ കൊവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചതായാണ് സർക്കാ‌ർ അറിയിച്ചത്. 3867 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തത്.