achappam

കേരളത്തിലെയും തമിഴ്നാട്ടിലെയും പലഹാരക്കടക്കളിലെ പ്രധാന പലഹാരമാണ് അച്ചപ്പം. ഒരു തവണയെങ്കിലും ഈ പലഹാരം രുചിക്കാത്ത മലയാളികൾ കുറവാണ്. ചായക്കടകളിലും വീടുകളിലും വൈകുന്നേരം ചായയോടൊപ്പം കഴിക്കുന്ന ഒരു നാലുമണി പലഹാരമായ അച്ചപ്പം,​ മലയാളികളുടെയും തമിഴ്നാട്ടുകാരുടെയും ഇഷ്ട വിഭവങ്ങളിലൊന്നാണ്. അച്ചപ്പം രാജ്യാന്തര വേദിയിൽ മാസ് എൻഡ്രി നടത്തിയ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ച‌ർച്ചയാകുന്നത്.

പ്രശസ്തമായ മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ പാചക റിയാലിറ്റി ഷോയിൽ മത്സരാർഥിയായ ലിൻഡ ഡാൽറിംപിളാൺണ് അച്ചപ്പമുണ്ടാക്കി ജഡ്ജസിനു വിളമ്പിയത്. ഇതിൽ കൗതുകമെന്തെന്നാൽ നമ്മൾ കഴിക്കുന്ന പോലെയല്ല അവർ ഈ അച്ചപ്പം കഴിച്ചത്. ഇതിനൊപ്പം വാനില ഐസ്‌ക്രീമും മറ്റു ചില ഡെസേർട്ടുകളും ചേർത്ത് വളരെ വ്യത്യസ്തമായ രീതിയിലാണു ലിൻഡ അച്ചപ്പത്തിന് പുത്തൻ പരിവേഷം നൽകിയത്. പരിപാടിയിൽ ലോട്ടസ് ഫ്ളവർ പോണ്ട് എന്ന പേര് നൽകിയാണ് ഈ വെറൈറ്റി ഡിഷ് അവതരിപ്പിച്ചിരിക്കുന്നത്. കറുമുറു ശബ്ദമുണ്ടാക്കി ഈ വെറൈറ്റി ഫ്യൂഷൻ ഡിഷ് ചവച്ചുകൊണ്ട് ജഡ്ജസ് ലിൻഡയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു.

തനിനാടൻ വിഭവമാണെന്ന് തോന്നുമെങ്കിലും അച്ചപ്പം പണ്ടുമുതൽ പ്രചാരത്തിലുണ്ടായിരുന്ന ഇന്റർനാഷനൽ റേഞ്ചുള്ള താരമാണെന്നാണ് ചരിത്രം പറയുന്നത്. അച്ചപ്പത്തിന്റെ അതേ മാതൃകയിലുള്ള പലഹാരങ്ങൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ഇംഗ്ലണ്ടിൽ റോസെറ്റ് കുക്കീസ്, മെക്സിക്കോയിൽ ബുണെലോസ്, സ്വീഡനിൽ സ്ട്രൂവ എന്നൊക്കെ കേൾക്കുമ്പോൾ ഞെട്ടണ്ട, ഇതെല്ലാം അച്ചപ്പത്തിന്റെ ഓമനപ്പേരുകളാണ്.

എന്നാൽ,​ അച്ചപ്പത്തിന്റെ സ്വദേശം എവിടെയാണെന്ന് ആർക്കും കൃത്യമായിട്ടറിയില്ല. സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ സ്വീഡനിലൊ, നോർവെയിലൊ ആകാമെന്നാണ് പ്രശസ്ത ഭക്ഷണ നിരീക്ഷകരുടെ കണക്കുകൂട്ടൽ. എന്നാൽ,​ സ്ഥലം മാറുമ്പോഴേക്കും അച്ചപ്പത്തിന്റെ രൂപത്തിലും രുചിയിലും സാരമായ മാറ്റങ്ങൾ പ്രകടമാകും. ആന്ധ്രയിലെ ഗുലാബി പുവ്വുലു എന്ന പലഹാരവും അച്ചപ്പവുമായി അടുത്ത സാമ്യമുള്ള വിഭവമാണ്. ശ്രീലങ്കയിലെ കൊക്കി എന്ന പലഹാരവും അച്ചപ്പത്തിന്റെ വകഭേദമാണ്. അപ്പോൾ പറഞ്ഞുവന്നത്,​ ചായപീടികയിലെ ചില്ലുകൂട്ടിലിരിക്കുന്ന അച്ചപ്പത്തിനെ അത്ര നിസാരനായി കരുതരുതെന്നാണ്!