stan

മുംബയ്: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ചു വളർന്ന് ജാർഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്ന ഫാ സ്റ്റാൻ സ്വാമി എന്ന കത്തോലിക്കാ പുരോഹിതനെ മാവോയിസ്റ്റുകളുമായി ബന്ധം ഉണ്ടെന്ന കാരണത്താൽ കഴിഞ്ഞ വർഷം ഒക്ടോബർ 8നാണ് എൻ ഐ എ അറസ്റ്റ് ചെയുന്നത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെയുമെല്ലാം പിന്തുണ ഒരുകാലത്ത് നേടിയെടുത്ത ഫാ സ്റ്റാൻ സ്വാമി 2018ൽ പൂനെയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് അഴിക്കുള്ളിലാകുന്നത്. 2018 പുതുവർഷ ദിനത്തിൽ ഭീമാ കൊരേഗാവോൻ യുദ്ധ വാർഷികത്തിന് ലക്ഷകണക്കിന് ദളിതർ പൂനെയിൽ ഒത്തുചേർന്നിരുന്നു. 1818ൽ മറാത്തികളും ബ്രിട്ടീഷ് സൈന്യവുമായി നടന്ന യുദ്ധത്തിൽ ബ്രീട്ടീഷ് പട്ടാളം ആയിരുന്നു വിജയിച്ചത്. ദളിതരായിരുന്നു അന്നത്തെ ബ്രിട്ടീഷ് പട്ടാളത്തിലെ ഭൂരിഭാഗം പടയാളികളും. ഈ വാർഷിക യോഗത്തിനിടെ ഒരു കലാപം പൊട്ടിപുറപ്പെടുകയും അന്ന് അവിടെ വന്നവരുടെ വാഹനങ്ങളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

സംഭവത്തിനു ശേഷം പിംപ്രി പൊലീസ് രണ്ട് ഹിന്ദു നേതാക്കന്മാരെ പ്രതി ചേർത്ത് എഫ് ഐ ആർ തയ്യാറാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ജനുവരി 8ന് പൂനെ പൊലീസ് മറ്റൊരു എഫ് ഐ ആർ തയ്യാറാക്കുകയും അതനുസരിച്ച് കലാപത്തിന്റെ യഥാർത്ഥ കാരണം ഡിസംബർ 31ന് പൂനെയിലെ ശനിവാർ വാദ എന്ന സ്ഥലത്ത് വച്ച് നടന്ന എൾഗാർ പരിഷത്ത് എന്ന് മീറ്റിംഗിൽ ഉയർന്നു വന്ന പരാമർശങ്ങളായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആ മീറ്റിംഗുമായി ബന്ധപ്പെട്ട എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്ത.

ഈ കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ ഏഴിന് സ്റ്റാൻ സ്വാമിയെ റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത എൻ ഐ എ പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ മുംബയ് ഹൈക്കോടതിയിൽ ഹാജരാക്കി. കോടതി സ്റ്റാൻ സ്വാമിയെ മറ്റ് ഏഴു പേരോടൊപ്പം ജുഡീഷ്യൽ കസ്റ്റഡിയിലയയ്ക്കുകയും ചെയ്തു.

ജാർഖണ്ഡിലെ മാവോയിസ്റ്റ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കാണിച്ചാണ് സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അവസാനം വരെ എൻ ഐ എയുടെ വാദങ്ങളെ ശക്തമായി നിഷേധിച്ച സ്വാമി ആദിവാസികളുടെ ഭൂമി നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനു വേണ്ടി സർക്കാർ തന്നെ മനപൂർവം പ്രതി ചേർക്കുകയായിരുന്നുവെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. സ്വാമിയുടെ കമ്പ്യൂട്ടറിൽ നിന്ന് മാവോയിസ്റ്റുകളുമായി ബന്ധമുള്ള ചില രേഖകൾ ലഭിച്ചിരുന്നതായി എൻ ഐ എ അവകാശപ്പെട്ടിരുന്നുവെങ്കിലും അവയെല്ലാം തന്റെ അറിവില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർ കമ്പ്യൂട്ടറിൽ വച്ചതായിരുന്നുവെന്ന നിലപപാടാണ് സ്വാമി സ്വീകരിച്ചത്.