ചോക്ളേറ്റ് കേക്ക്
ചേരുവകൾ
മുട്ട .................. 2 എണ്ണം
പഞ്ചസാര ( പൊടിച്ചത്) .................. 100 ഗ്രാം
മൈദ.................. 80 ഗ്രാം
കൊക്കോപൗഡർ.................. 20 ഗ്രാം
ബേക്കിംഗ് പൗഡർ .................. ഒരു ടീസ്പൂൺ
വനില എസൻസ് .................. അര ടീസ്പൂൺ
റിഫൈൻഡ് ഓയിൽ .................. 150 മില്ലി
പാകം ചെയ്യുന്ന വിധം
ഒരു ഷേക്കറിൽ രണ്ടു മുട്ടയും അര ടീസ്പൂൺ വനില എസൻസും ചേർത്ത് ഒരു മിനിട്ട് കുലുക്കുക. പഞ്ചസാര പൊടിച്ചതിന്റെ പകുതി, 150 മില്ലി റിഫൈൻഡ് ഓയിലിന്റെ പകുതി, ബാക്കി പഞ്ചസാര, വീണ്ടും കുറച്ച് ഓയിൽ എന്നിവ ഓരോന്നായി ചേർത്ത് കുലുക്കിയെടുക്കുക. മൈദയും ബേക്കിംഗ് പൗഡറും കൊക്കോപൗഡറും ചേർത്തരിക്കുക. ഈ മൈദയുടെ പകുതി ഷേക്കറിൽ ചേർത്ത് നന്നായി കുലുക്കുക. ബാക്കിവന്ന ഓയിലും കൂടി ചേർത്തശേഷം വീണ്ടും കുലുക്കുക. ബാക്കിയിരിക്കുന്ന മൈദ മിശ്രിതവുംകൂടി ചേർത്ത് ശക്തിയായി കുലുക്കുക. ബട്ടർ പുരട്ടി മയപ്പെടുത്തിവച്ചിരിക്കുന്ന മൈക്രോപ്രൂഫ് പാത്രത്തിലൊഴിച്ച് ഹൈ പവറിൽ മൂടിവയ്ക്കാതെ 4 മിനിട്ട് ഹൈ പവറിൽ (100%) മൈക്രോവേവ് ചെയ്യുക. 5 മിനിട്ടുകൂടി കഴിഞ്ഞ് പുറത്തെടുത്ത് തണുത്തശേഷം ബേക്ക് ചെയ്ത പാത്രത്തിൽ നിന്നും മാറ്റുക.
വാനില കേക്ക്
ചേരുവകൾ
മൈദ.................. അരകപ്പ്
ബേക്കിംഗ് പൗഡർ .................. ഒരു ടീസ്പൂൺ
മുട്ട.................. 2 എണ്ണം
പഞ്ചസാര (പൊടിച്ചത്) .................. അരകപ്പ്
പാൽ .................. കാൽകപ്പ്
റിഫൈൻഡ് ഓയിൽ .................. അരകപ്പ്
വാനില എസൻസ് .................. ഒരു ടീസ്പൂൺ
പാകം ചെയ്യുന്നവിധം
മൈദയും ബേക്കിംഗ് പൗഡറും കൂടി അരിച്ചു യോജിപ്പിക്കുക. മുട്ടയും പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലതുപോലെ പതപ്പിക്കുക. വാനില എസൻസും ചേർക്കുക. ഇതിലേക്ക് റിഫൈൻഡ് ഓയിൽ ചേർക്കുക. മൈദ അരിച്ചുവച്ചിരിക്കുന്നത് ചേർത്ത് ഫോൾഡ് ചെയ്യുക. ഒഴിക്കുന്ന പാകത്തിന് പാലും ചേർത്തിളക്കുക. ആഴമുള്ള ഒരു മൈക്രോപ്രൂഫ് പാത്രം ബട്ടർ പുരട്ടി മയപ്പെടുത്തിയതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കേക്കിന്റെ മിശ്രിതം ഒഴിച്ച് തുറന്നുവച്ച് ഹൈ പവറിൽ (100%) 4 മിനിട്ട് മൈക്രോവേവ് ചെയ്യുക. 4 മിനിട്ട് ആകുമ്പോഴേക്കും മുകൾ ഭാഗത്തിനു നനവ് തോന്നും. 5 മിനിട്ട് അവ്നിൽ തന്നെ വച്ചിരുന്നാൽ നനവ് മാറും. അവനിൽ നിന്നെടുത്ത് 10 മിനിട്ട് തണുപ്പിച്ചശേഷം ബേക്ക് ചെയ്ത് പാത്രത്തിൽ നിന്നും എടുക്കുക.
ബ്ളാക്ക് ഫോറസ്റ്റ് കേക്ക്
ചേരുവകൾ
ചോക്ളേറ്റ് സ്പോഞ്ചിന്
മൈദ.................. അര കപ്പ്
ബേക്കിംഗ് പൗഡർ .................. കാൽ ടീസ്പൂൺ
തൈര് .................. 2 ടേബിൾ സ്പൂൺ
കൊക്കോപൗഡർ.................. ഒരു ടേബിൾ സ്പൂൺ
പഞ്ചസാര (പൊടിച്ചത്).................. 1/3 കപ്പ്
വാനില എസൻസ് .................. അര ടീസ്പൂൺ
ഉരുക്കിയ ബട്ടർ .................. കാൽ കപ്പ്
ക്രീമിന്
ഫ്രഷ് ക്രീം (തണുപ്പിച്ചത്) .................. ഒന്നേകാൽ കപ്പ് (250 ഗ്രാം)
പഞ്ചസാര (പൊടിച്ചത്) .................. 4 ടേബിൾ സ്പൂൺ
വാനില എസൻസ് .................. ഒരു ടീസ്പൂൺ
പഞ്ചസാര സിറപ്പിന്
പഞ്ചസാര.................. 2 ടേബിൾ സ്പൂൺ
വെള്ളം.................. അര കപ്പ്
വൈൻ .................. 2 ടേബിൾ സ്പൂൺ
ഫില്ലിംഗിന്
ചെറി (അരിഞ്ഞത്) .................. ഒന്നരകപ്പ്
അലങ്കരിക്കാൻ
ചോക്ളേറ്റ് ഗ്രേറ്റുചെയ്തത്, ചെറി വിപ്പിംഗ് ക്രീം .................. കാൽകപ്പ്
പാകം ചെയ്യുന്നവിധം
തൈരും ബേക്കിംഗ് സോഡയും ഒരു പാത്രത്തിൽ യോജിപ്പിച്ചു വയ്ക്കുക. മൈദയും കൊക്കോ പൗഡറും അരിച്ചുവയ്ക്കുക. ഒരു മൈക്രോപ്രൂഫ് പാത്രത്തിൽ കാൽകപ്പ് വെള്ളം ഹൈ പവറിൽ (100%) ഒരു മിനിട്ട് മൈക്രോവേവ് ചെയ്യുക. ഇതിലേക്ക് ഉരുക്കിയ ബട്ടർ, പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക. മൈദ അരിച്ചു വച്ചിരിക്കുന്നത് തൈരും വാനില എസൻസും ചേർത്ത് ചെറുതായി ഇളക്കി മയമുള്ള ഒരു ബാറ്റർ തയ്യാറാക്കുക. 2 ടേബിൾ സ്പൂൺ പഞ്ചസാര, അര കപ്പ് വെള്ളം എന്നിവ യോജിപ്പിച്ച് ഒരു മൈക്രോപ്രൂഫ് പാത്രത്തിലെടുത്ത് ഹൈ പവറിൽ (100%) 2 മിനിട്ട് മൈക്രോവേവ് ചെയ്യുക. പുറത്തെടുത്ത് വൈനും ചേർത്തിളക്കുക. 4 ഇഞ്ച് ഡയമീറ്ററുള്ള ഒരു മൈക്രോപ്രൂഫ് പാത്രത്തിൽ ബട്ടർ പുരട്ടി മയപ്പെടുത്തിയതിനുശേഷം തയ്യാറാക്കിയ ബാറ്റർ ഒഴിച്ച് ഹൈ പവറിൽ (100%) മൂടിവയ്ക്കാതെ 4 മിനിട്ട് മൈക്രോവേവ് ചെയ്യുക. അവനിൽ നിന്നും മാറ്റി 10 മിനിട്ട് വച്ചശേഷം പാത്രത്തിൽ നിന്ന് മാറ്റുക. പഞ്ചസാര പൊടിച്ചതു ചേർത്ത് ക്രീം വിപ്പ് ചെയ്യുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ചോക്ളേറ്റ് സ്പോഞ്ച് തയ്യാറാക്കിയത് കുറുകെ രണ്ടായി മുറിച്ച് താഴത്തെ ഭാഗത്തിനു മുകളിൽ പഞ്ചസാര സിറപ്പ് തയ്യാറാക്കിയത് ഒഴിക്കുക. ഫ്രിഡ്ജിൽ വച്ചിരിക്കുന്ന ക്രീമിന്റെ നാലിലൊരു ഭാഗം എടുത്ത് ഇതിനുമുകളിൽ നല്ലതുപോലെ തേക്കുക. ചെറി അരിഞ്ഞത് നിരത്തുക. കേക്കിന്റെ മുകൾഭാഗം ഇതിനു മുകളിൽവച്ച് പഞ്ചാസാര സിറപ്പ് ഒഴിക്കുക. ബാക്കിയിരിക്കുന്ന ക്രീം കേക്കിന്റെ മുകളിലും ചുറ്റിലും തേക്കുക. ചോക്ളേറ്റ് ഗ്രേറ്റ് ചെയ്തത് മുകളിലും ചുറ്റിലും വിതറുക. ഒരു പൈപ്പിംഗ് ബാഗിൽ സ്റ്റാർനോബിൽ വച്ചശേഷം ബാക്കിയിരിക്കുന്ന ക്രീം അതിലെടുത്ത് കേക്കിനുമുകളിൽ ഓരോന്ന് ഇടയ്ക്കിടയ്ക്ക് വയ്ക്കുക. ചെറി വച്ച് അലങ്കരിക്കുക.