ന്യൂഡൽഹി : കൊവിഡിന്റെ രണ്ട് തരംഗങ്ങളെ ഇന്ത്യ അഭിമുഖീകരിച്ചപ്പോൾ കൂടുതൽ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് പഠനം. കൊവിഡിൽ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടവരുടെ നിരക്ക് പരിശോധിച്ചാൽ വരുമാന നഷ്ടം കൂടുതലുണ്ടായത് സ്ത്രീകൾക്കാണ്. ആദ്യ തരംഗത്തിൽ ജോലി നഷ്ടമായവരിൽ തിരികെ ജോലിയ്ക്ക് കയറിയവരുടെ കണക്ക് പരിശോധിച്ചാലും സ്ത്രീകളുടെ എണ്ണം നന്നേ കുറവാണ്. ജോലി നഷ്ടമായ ശേഷം പുതിയ തൊഴിലിടം കണ്ടെത്താൻ സ്ത്രീകൾക്ക് കൂടുതൽ സമയം വേണ്ടിവരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
കൺസൾട്ടിംഗ് സ്ഥാപനമായ ഡാൽബെർഗാണ് പഠനം നടത്തിയത്. കഴിഞ്ഞ വർഷം മാർച്ച് ഒക്ടോബർ കാലയളവിൽ നടത്തിയ റിപ്പോർട്ടിൽ സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ പത്തിലൊന്ന് പേർ ആഹാരം കഴിക്കുന്നതിന് പോലും ബുദ്ധിമുട്ടിയിരുന്നു. സർവേയിൽ പങ്കെടുത്ത 16 ശതമാനം പേർക്ക് ആർത്തവ പാഡുകൾ പോലും വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ലോക്ഡൗണിൽ കുടുംബ ബഡ്ജറ്റിൽ കുറവ് വരുത്തിയത് കൂടുതൽ സ്ത്രീകളെയാണ് ബാധിച്ചതെന്നും കണ്ടെത്തി.
ലോക്ക്ഡൗൺ കാലഘട്ടം തൊഴിൽ നഷ്ടത്തിന് പുറമേ പെൺകുട്ടിളുടെ സ്‌കൂൾ പഠനത്തെയും ബാധിക്കപ്പെട്ടതായി കണ്ടെത്തി. സ്‌കൂളുകൾ പ്രവർത്തിക്കാതായതോടെ ബാലവിവാഹങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായതായി കണക്കാക്കുന്നു. പത്ത് സംസ്ഥാനങ്ങളിൽ നിന്നും 15,000 ത്തോളം സ്ത്രീകളെയാണ് സർവേയ്ക്കായി സമീപിച്ചത്. കൊവിഡിന് മുമ്പ് ജോലി ചെയ്യുന്നവരിൽ വെറും 24% മാത്രമാണ് സ്ത്രീകൾ, എന്നാൽ ഇവരാണ് ജോലി നഷ്ടപ്പെട്ടവരിൽ 28% പേരും, ശമ്പളമുള്ള ജോലി വീണ്ടെടുക്കാനാവാത്തവരിൽ 43% പേരും സ്ത്രീകളാണ്. ന്യൂനപക്ഷങ്ങൾ, കുടിയേറ്റ സ്ത്രീകൾ, അവിവാഹിതർ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവരാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.