ന്യൂഡൽഹി: ആറ് വർഷം മുൻപ് റദ്ദാക്കിയ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസെടുക്കുന്നതിൽ ആശ്ചര്യവും ഞെട്ടലും രേഖപ്പെടുത്തി സുപ്രീംകോടതി. ഐ.ടി ആക്‌ടിലെ 66 എ വകുപ്പനുസരിച്ചാണ് ഇപ്പോഴും കേസുകൾ രജിസ്‌റ്റർ ചെയ്യുന്നതായി കണ്ട് സുപ്രീംകോടതി അതൃപ്‌തി അറിയിച്ചത്. ആയിരത്തിലധികം കേസുകളാണ് ഇങ്ങനെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഈ തെറ്റായ നടപടി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു.
ഇത്തരം എഫ്‌ഐആറുകളെ 'ഭയങ്കരം' എന്നാണ് ജസ്‌റ്റിസ് ആർഎഫ് നരിമാൻ, ജസ്റ്റിസ് കെ.എം ജോസഫ്, ജസ്‌റ്റിസ് ബി. ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് വിശേഷിപ്പിച്ചത്. ഓൺലൈനിൽ കുറ്റകരമായ വിവരങ്ങൾ പങ്കുവയ്‌ക്കുന്നത് തടയാനായിരുന്നു ഈ വകുപ്പ്. എന്നാൽ ഇത് വ്യക്തിസ്വാതന്ത്ര്യത്തിനെ ഹനിക്കുന്നതാണെന്ന് കാട്ടിയാണ് 2015 മാർച്ച് 24ന് ഈ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്. ഇന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇന്ന് ഞെട്ടൽ രേഖപ്പെടുത്തിയത്.
വകുപ്പ് റദ്ദാക്കുന്നതിന് മുൻപ് 687 കേസുകളായിരുന്നെങ്കിൽ അതിന് ശേഷം 1307 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. മഹാരാഷ്‌ട്ര (381),ജാർഖണ്ഡ്(291), ഉത്തർപ്രദേശ്(245),രാജസ്ഥാൻ(192) എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ. ശിവസേന നേതാവായിരുന്ന ബാൽ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പെൺകുട്ടികളുടെ പ്രതികരണത്തെ തുടർന്ന് ഈ വകുപ്പുകൾ ചുമത്തി മഹാരാഷ്‌ട്ര പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്നുണ്ടായ നിയമ പോരാട്ടത്തിലാണ് വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്.