ടോക്കിയോ: ജപ്പാനിലെ അടാമിയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായവരുടെ എണ്ണം 100 കവിഞ്ഞു. ഇതുവരെ മൂന്ന് പേരുടെ മൃതദേഹമാണ് പുറത്തെടുത്തത്. 23 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
തീരദേശ നഗരവും ജപ്പാനിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുമായ അടാമിയിൽ ദിവസങ്ങളോളം പെയ്ത മഴക്കൊടുവിലാണ് മണ്ണിടിഞ്ഞത്. വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞ് നഗര മദ്ധ്യത്തിലേക്ക് മണ്ണും വെള്ളവും ഒഴുകുകയായിരുന്നു. 130 കെട്ടിടങ്ങൾ തകർന്നു. ഇതിനുള്ളിൽ കുടുങ്ങിയവർക്കായാണ് തെരച്ചിൽ. 20 പേർ മണ്ണിനുള്ളിൽ കുടുങ്ങിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ, 113 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് താമസ രജിസ്റ്റർ പരിശോധിച്ച ശേഷം അധികൃതർ വെളിപ്പെടുത്തി. അതേസമയം, കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.