sheikh-hasina

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും മാമ്പഴമയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. 2600 കിലോ മാമ്പഴമാണ് ഇരുവ‌ർക്കും ഉപഹാരമായി അയച്ചത്. ബംഗ്ലാദേശിലെ രംഗ്പൂര്‍ ജില്ലയിൽ വിളഞ്ഞ ഹരിഭംഗ ഇനത്തിൽപ്പെട്ട മാമ്പഴമാണ് ബെനാപോൾ ചെക്‌പോസ്റ്റ് വഴി ഇന്ത്യയിലെത്തിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഉപഹാരമായാണ് മാമ്പഴം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി.

കൊല്‍ക്കത്തയിൽ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മിഷണറുടെ ഫസ്റ്റ് സെക്രട്ടറിയാണ് മാമ്പഴം സ്വീകരിച്ചത്. തുടർന്ന് ഇത് മോദിക്കും മമതയ്ക്കും അയച്ച് നൽകി. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് ഷേഖ് ഹസീന മാമ്പഴം ഉപഹാരമായി നൽകിയേക്കുമെന്ന് ബംഗ്ലാദേശി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

@കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർക്ക് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മാമ്പഴം അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ബംഗാൾ സർക്കാരും വിവിധ വിഷയങ്ങളിൽ കൊമ്പുകോർക്കുന്ന സാഹചര്യത്തിൽ, 'മാമ്പഴ നയതന്ത്രം' എന്നാണ് മമതയുടെ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചത്.