ചെന്നൈ: കേന്ദ്രസർക്കാർ നയങ്ങൾക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച നടൻ സൂര്യയ്‌ക്കെതിരെ തമിഴ്നാട് ബി.ജെ.പി യുവമോർച്ച പ്രമേയം പാസാക്കി. ഞായറാഴ്ച നടന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ജനക്ഷേമ പദ്ധതികളെ സ്ഥാപിത താത്പര്യത്തോടെ സൂര്യ എതിർക്കുകയാണെന്ന് യുവമോർച്ച ആരോപിച്ചു.
നീറ്റ് പരീക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്ന വിധത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് നടൻ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികൾ നിറുത്തിയില്ലെങ്കിൽ സൂര്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് വിനോജ് പി. സെൽവം മുന്നറിയിപ്പ് നൽകി.
നീറ്റ് പ്രവേശനപരീക്ഷയ്ക്കും സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിനും എതിരെ സൂര്യ രംഗത്തെത്തിയിരുന്നു. നീറ്റ് പരീക്ഷയ്‌ക്കെതിരെ മുമ്പും പരസ്യനിലപാട് സ്വീകരിച്ചിട്ടുള്ളയാളാണ് സൂര്യ. നീറ്റ് പരീക്ഷ കുട്ടികളിലുണ്ടാക്കുന്ന ആഘാതം പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ഉന്നതല സമിതിയെ എല്ലാവരും തങ്ങളുടെ അഭിപ്രായമറിയിക്കണമെന്നാണ് കഴിഞ്ഞയിടെ നടൻ അഭ്യർത്ഥിച്ചിരുന്നു. മുമ്പ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും സൂര്യ പ്രതികരിച്ചിരുന്നു.