breathing

കൊവിഡിന് മുമ്പും ശേഷവും സാധാരണയായി കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശ്വാസകോശ അണുബാധ അഥവാ ന്യുമോണിയ. കൊവിഡ് കാരണം ജീവൻ നഷ്ടമാകുന്ന ഒട്ടുമിക്ക രോഗികളുടെയും മരണകാരണം പൾമനറി കോംപ്ലിക്കേഷൻസ് തന്നെയാണ്. പല രോഗികളിലും ചെറിയ പനിയും ചുമയുമായി തുടങ്ങുന്ന രോഗം ക്രമേണ മൂർച്ഛിച്ച് ന്യുമോണിയയായി മാറുകയാണ് പതിവ്. ഇത്തരം സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ ചില ലളിതമായ വ്യായാമങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പൾസിഡ് ലിപ് ബ്രീത്തിംഗ്

വളരെ ലളിതവും ഫലപ്രദവുമായ ഒരു വ്യായാമമാണിത്. രോഗിക്ക് തനിയെ ആയാസമില്ലാതെ ചെയ്യാവുന്നതാണ്. മൂക്കിലൂടെ ശ്വാസം വലിച്ചെടുത്ത ശേഷം ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വായിലൂടെ ശ്വാസം പുറത്തേക്ക് ഊതിക്കളയുക. അകത്തേക്ക് എടുക്കുന്നതിന്റെ ഇരട്ടി ശ്വാസം പുറത്തേക്ക് ഊതി കളയാൻ ശ്രമിക്കണം. അതുവഴി ഓക്സിജന്റെ അളവ് കൂട്ടുകയും കാർബൺഡയോക്സേഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ഡയഫ്രമാറ്റിക് ബ്രീത്തിംഗ്

ശ്വാസകോശ രോഗികൾക്ക് വളരെ ഫലപ്രദമായ ഒരു വ്യായാമമാണിത്.ഐ.സി.യുവിൽ കിടക്കുന്ന പ്രായമായ രോഗികൾക്ക് പോലും അനായാസം ചെയ്യാവുന്ന ഒന്നാണിത്. ഇതിൽ രോഗിയുടെ ഒരു കൈപ്പത്തി കോളർ ബോണിന് തൊട്ട് താഴെ അഥവാ നെഞ്ചിന് മുകളിലായി വയ്ക്കുക. മറ്റേ കൈപ്പത്തി റിബ്‌കേജിന് തൊട്ട് താഴെയായി അഥവാ വയറിന് തൊട്ട് മുകളിലായി വച്ചശേഷം ശ്വാസം മൂക്ക് വഴി വലിച്ചെടുക്കുകയും വായ് വഴി പുറത്തേക്ക് ഊതുകയും ചെയ്യുക. അകത്തേക്ക് മൂന്ന് സെക്കൻഡ് ശ്വാസം വലിച്ചെടുക്കുമ്പോൾ പുറത്തേക്ക് 6 മുതൽ 7 സെക്കൻഡ് ഊതി കളയുക.

ഇന്റർകോസ്റ്റൽ ബ്രീത്തിംഗ്

രോഗിയുടെ കൈപ്പത്തി രണ്ടും റിബ്‌കേജിന്റെ അവസാനഭാഗത്ത് ഇരു വശത്തായി വയ്ക്കുക. വിരളിന്റെ തുമ്പുകൾ രണ്ടും നെഞ്ചിന്റെ നടുക്ക് വരത്തക്കരീതിയിൽ വച്ചശേഷം നേരത്തെ ചെയ്ത പോലെ തന്നെ ശ്വാസം അകത്തേക്ക് വലിച്ചെടുക്കുകയും പുറത്തേക്ക് ഊതി കളയുകയും ചെയ്യുക. വ്യായാമം ചെയ്യുന്ന സമയത്ത് രോഗിക്ക് വിരളിന്റെ തുമ്പുകൾ ഇരു വശത്തേക്ക് അകലുന്നതും ശ്വാസകോശം വികസിക്കുകയും തിരികെ ചുരുങ്ങുന്നതും മനസ്സിലാക്കാൻ കഴിയും.

ബ്രീത്ത് ഹോൾഡ് ടെക്‌നിക്സ്

ശ്വാസകോശത്തിൽ അടിഞ്ഞ് കൂടുന്ന കഫത്തെ പുറംതള്ളാൻ സ്വയം ചെയ്യാവുന്ന ഫലപ്രദമായ ഒരു വ്യായാമമാണിത്. ഇവിടെ രോഗിയോട് മൂന്ന് സെക്കൻഡ് ശ്വാസം വലിച്ചെടുക്കുകയും നാല് സെക്കൻഡ് അത് ഹോൾഡ് ചെയ്ത ശേഷം അകത്തേക്ക് എടുത്തതിന്റെ ഇരട്ടി സമയം അതായത് 6 മുതൽ 7 സെക്കൻഡ് പുറത്തേക്ക് ഊതേണ്ടതുമാണ്. പുറത്തേക്ക് ഊതിയശേഷം ശക്തമായി ഒന്ന് ചുമച്ച് കഫത്തെ പുറംതള്ളാൻ ശ്രമിക്കാവുന്നതാണ്.

സ്‌പൈറോമീറ്റർ

ശ്വാസകോശ വ്യായാമത്തിൽ വളരെ പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് സ്‌പൈറോമീറ്റർ. ഇതിൽ സാധാരണയായി ഉപയോഗിച്ചുവരുന്നത് ട്രിബാൾ എക്‌സർസൈസും വോളിയം ബേസ്ഡ് സ്‌പൈറോമീറ്ററുമാണ്. ട്രിബാൾ എക്‌സർസൈസിൽ മൂന്ന് ബാളുകളും ഉയർത്തുമ്പോൾ 1200/സി.സി വരെയും വോളിയം ബേസ്ഡിൽ ശ്വാസം അകത്തേക്ക് വലിക്കുമ്പോൾ 2500/സി.സി വരെ പിസ്റ്റൺ ഉയർത്താവുന്നതുമാണ്. ഉള്ളിലേക്ക് ശ്വാസം വലിക്കുമ്പോൾ പിസ്റ്റൺ അല്ലെങ്കിൽ ബോളുകൾ ഉയരുകയും ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു. ഓരോ പ്രാവശ്യവും അകത്തേക്ക് വലിച്ച ശേഷം മൗത്ത് പീസ് മാറ്റി പുറത്തേക്ക് ശ്വാസം ഊതി കളയണം. ഒരാൾ ഉപയോഗിച്ച സ്‌പൈറോമീറ്റർ മറ്റൊരാൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രോണേ പൊസിഷനിംഗ്

ശരീരത്തിലെ ഓക്സിജന്റെ അളവ് എസ്.പി,​ഒ 2 അളവ് കൂട്ടാൻ ഐ.സി.യു,​ വെന്റിലേറ്റർ രോഗികളിൽ ഉൾപ്പെടെ ചെയ്തു വരുന്ന ഒരു ഫലപ്രദമായ വ്യായാമ രീതിയാണിത്. അസുഖമുള്ളവർ, ശാസ്ത്രക്രിയകൾക്ക് വിധേയരായ രോഗികൾ ഫിസിയോതെറാപ്പിസ്റ്റിന്റെയോ ഡോക്ടറുടെയോ നിർദ്ദേശപ്രകാരം മാത്രം ഈ വ്യായാമം ചെയ്യാൻ പാടുള്ളൂ.
കിടക്ക ഫ്ലാറ്റാക്കിയ ശേഷം രോഗിയെ കമിഴ്ത്തിക്കിടത്തി നെഞ്ചിന് അടിയിലായി തലയണ വച്ച് 20 മുതൽ 30 മിനിറ്റ് കിടത്തുക. അതിനുശേഷം 15 മിനിറ്റ് രോഗിയെ ഇടതുവശത്തേക്ക് ചരിച്ച് കിടത്തുക തുടർന്ന് 15 മിനിറ്റ് വലതുവശത്തേക്കും. ശേഷം കുറച്ചു നേരം നിവർന്നു കിടക്കുകയും ചെയ്യണം. ഇത് പല പ്രാവശ്യം ഇതേ രീതിയിൽ തുടരുക.


ഗ്ളാസ് ആൻഡ് സ്‌ട്രോ എക്സർസൈസ്

ഒരു ഗ്ലാസിൽ പകുതിയോളം വെള്ളം നിറച്ചശേഷം രോഗിയോട് ഒരു സ്‌ട്രോ ഉപയോഗിച്ച് ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ഗ്ലാസിലെ വെള്ളത്തിലേക്ക് ശക്തമായി ഊതി കുമിളകൾ ഉണ്ടാക്കാൻ ശ്രമിക്കുക. ഇങ്ങനെ പലപ്രാവശ്യം ഈ വ്യായാമം ആവർത്തിക്കുക.

ബലൂൺ എക്സർസൈസ്

പ്രായംചെന്ന രോഗികൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. രോഗിയോട് ശ്വാസം മൂക്ക് വഴി വലിച്ചെടുത്ത ശേഷം ഒരു സാമാന്യം വലിയ ബലൂൺ എടുത്ത് അതിലേക്ക് ഊതി വീർപ്പിക്കാൻ പറയുക. ഇത് വളരെ ലളിതമായി തോന്നുമെങ്കിലും വളരെ ഫലപ്രദമായ ഒരു വ്യായാമ രീതിയാണ്.

മേൽപ്പറഞ്ഞ ലളിതമായ വ്യായാമങ്ങൾ ചെയ്യുക വഴി കൊവിഡിന് ശേഷവും മുമ്പുമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ വളരെ ഫലപ്രദമായി തടയാൻ നമുക്ക് സാധിക്കും.