ന്യൂഡൽഹി: കെ.എം മാണി ധനമന്ത്രിയായിരിക്കെ സംസ്ഥാന ബഡ്‌ജറ്റ് തടസപ്പെടുത്താനുളള പ്രതിപക്ഷ ശ്രമത്തെ തുടർന്നുണ്ടായ നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിനാകില്ലെന്ന് സുപ്രീംകോടതി. മാപ്പർഹിക്കാത്ത പെരുമാറ്റമാണ് സഭയിൽ എംഎൽഎമാരിൽ നിന്നും ഉണ്ടായതെന്ന് സുപ്രീംകോടതി അറിയിച്ചു. മൈക്ക് ഊരിയെറിഞ്ഞ എംഎൽഎ വിചാരണ നേരിട്ടേ പറ്റൂവെന്ന് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. എന്ത് സന്ദേശമാണ് സംഭവത്തിലൂടെ എംഎൽഎമാർ പൊതുസമൂഹത്തിന് നൽകുന്നതെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ എം.ആർ ഷാ ചോദിച്ചു. ധനബിൽ പാസാക്കുന്നത് തടഞ്ഞവർക്ക് എന്ത് പരിരക്ഷ നൽകണമെന്നും കോടതി ആരാഞ്ഞു.
എന്നാൽ അഴിമതിക്കാരനായ അന്നത്തെ ധനകാര്യ മന്ത്രിക്കെതിരായ പ്രതിഷേധമാണ് സഭയിൽ നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് തീർപ്പാക്കണമെന്ന സർക്കാർ ആവശ്യം തളളിയ കോടതി കേസ് ജൂലായ് 15ന് പരിഗണിക്കുമെന്ന് അറിയിച്ചു.
നിയമസഭയിൽ മാത്രമല്ല പാർലമെന്റിലും ഇത്തരം പ്രശ്‌നങ്ങൾ നടക്കാറുണ്ടെന്ന് കേസ് പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ സെക്രട്ടറി സ്‌പീക്കറുടെ അനുമതിയില്ലാതെ നൽകിയ കേസ് നിലനിൽക്കില്ലെന്ന് കേരളം വാദിച്ചു. കേസിൽ പ്രതികളായ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരും കോടതിയെ സമീപിച്ചിരുന്നു.