തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ അറിയിച്ചുവെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി മുൻ എം.എൽ.എ പി.സി. ജോർജ്. കേരള സർക്കാരിന് ഇങ്ങനെ ഒരു അപ്പീൽനൽകാൻ അവകാശമില്ലെന്ന് കോടതി പറഞ്ഞു. പിണറായി വിജയൻ സർക്കാർ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ മാണി പെരുംകളളനെന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ഈ സംഘർഷം ഉണ്ടായതെന്ന്. മാണി പെരുംകളളനാണെന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ മകൻ അതിലും കളളനല്ലെ എന്നാണ് തന്റെ സംശയമെന്നും ജോർജ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
മാണിയുടെ മകനെ എന്തിനാണ് ഇടത് പക്ഷത്തിനൊപ്പം കൂട്ടിയിരിക്കുന്നത്. മാനാഭിമാനം ഉണ്ടോ ജോസ് കെ. മാണിക്ക്. സ്വന്തം തന്തയെ കളളനെന്നു വിളിക്കുന്ന പിണറായി വിജയനൊപ്പം സിന്ദാബാദ് വിളിച്ച് കൂടിയിരിക്കുകയാണ്. നാണം ഉണ്ടെങ്കിൽ അയാൾ ഇറങ്ങി പോകേണ്ടേ. ജോസിന് രണ്ട് കാര്യങ്ങളെ ചെയ്യാനുളളു. ഒന്ന് സ്വന്തം അച്ഛൻ കളളനാണെന്ന് സമ്മതിച്ചതിനുശേഷം പിണറായിക്കൊപ്പം നിൽക്കുക. അല്ലെങ്ങിൽ അച്ഛനെ കളളനെന്ന് വിളിച്ചവരുമായുളള ബന്ധം വിച്ഛേദിക്കുക. എന്ത് വേണമെന്ന് ജോസ് തീരുമാനിക്കട്ടെ. ആ മാന്യത അയാൾക്ക് ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ജോർജ് പറഞ്ഞു.
ഇത്രയും ഭൂരിപക്ഷം ഉണ്ടായിട്ടും ജോസ് കെ. മാണിയെ എന്തിന് പിണറായി സ്വീകരിച്ചു എന്നതും എന്തിന് ജോസ് പിണറായിയോടൊപ്പം ചേർന്നു എന്നതും ചർച്ച ചെയ്യേണ്ടതാണ്. അതൊക്കെ ബിസിനസ് ബന്ധമാണ്. സ്വന്തം അച്ഛനെ അപമാനിച്ചവരുമായി കച്ചവടം ചെയ്യുന്നത് ശരിയാണോ? ഇതുമായി ബന്ധപ്പെട്ട സത്യം പുറത്ത് വരും. മാനാഭിമാനമുണ്ടെങ്കിൽ ജോസ് കെ. മാണി രാജിവയ്ക്കണം. രാജ്യത്തെ പരമോന്നതമായ നീതിപീഠത്തിൽ നിന്നും ഇത്രയും രൂക്ഷവിമർശനം ഏറ്റുവാങ്ങി മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായിക്ക് അവകാശമില്ലെന്നും ജോർജ് അഭിപ്രായപ്പെട്ടു.