വാഷിംഗ്ടൺ: ആദ്യ യാത്രയിൽ തന്നെ വൻ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ടൈറ്റാനിക് കടലിനടിയിൽ നിന്ന് അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോർട്ട്. ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് ടൈറ്റാനിക്കിനെ കാർന്നുതിന്നുന്നത്. കൂട്ടിയിടിക്ക് തൊട്ടുമുൻപ് കൂറ്റൻ മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയവർ നിന്നിരുന്ന പായ്മരത്തിലെ 'കാക്കക്കൂട്"ഇതിനകം തന്നെ ഇല്ലാതായിക്കഴിഞ്ഞു. അതേസമയം, ആഴക്കടലിൽ അലിഞ്ഞില്ലാതാകുന്ന ടൈറ്റാനിക്കിലേക്ക് വിനോദസഞ്ചാരികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയൊരു പര്യവേഷണസംഘം ഉടൻ പുറപ്പെടുമെന്നാണ് അറിയുന്നത്.പുരാവസ്തു ഗവേഷകർക്കും സമുദ്ര ശാസ്ത്രജ്ഞർക്കുമൊപ്പമാണ് നാൽപതോളം വിനോദ സഞ്ചാരികളെയും കൊണ്ടുപോകുന്നത്.
ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തിൽ അലിയുകയാണ്. അതിന് മുൻപ് പരമാവധി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്ലാന്റിക്കിൽ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യൻഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടൺ റഷ് പറഞ്ഞു. അത്യാധുനിക എച്ച്.ഡി ക്യാമറകളും സോണാർ ഉപകരണങ്ങളും ഉപയോഗിച്ചാണ് പര്യവേഷണം നടത്തുക. ദൗത്യത്തിന്റെ ഭാഗമായി കപ്പലിലെ ഓരോ ഭാഗങ്ങളും അവിടെയുള്ള വസ്തുക്കളും തരം തിരിക്കും. സഞ്ചാരികൾക്കും പുരാവസ്തു ഗവേഷകർക്കുംഊഴം വച്ച് സോണാർ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അവസരവും നൽകും. ഏതാണ്ട് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം ഡോളർ വരെയാണ് സഞ്ചാരികൾ ടൈറ്റാനിക് കാണാനായി മുടക്കിയിരിക്കുന്നത്. അതേസമയം, ടൈറ്റാനിക്കിന്റെ ഭാഗങ്ങളൊന്നും തന്നെ പുറത്തെത്തിക്കാൻ ഓഷ്യൻഗേറ്റ് ദൗത്യത്തിന് ലക്ഷ്യമില്ല.
നശിക്കുന്നത് ഇങ്ങനെ
ബാക്ടീരിയകൾ ദിവസവും 109 വർഷം പഴക്കമുള്ള ടൈറ്റാനിക്കിന്റെ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. അതേസമയം, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ടൈറ്റാനിക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തിൽ അലിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മാറ്റങ്ങൾ അനവധി
സമുദ്രത്തിനടിയിൽ നിന്നും 1985ൽ ടൈറ്റാനിക് കണ്ടെത്തിയ ശേഷം നിരവധി മാറ്റങ്ങൾ കപ്പലിന്റെ അവശിഷ്ടങ്ങൾക്കുണ്ടായിട്ടുണ്ട്. മുന്നോട്ടു നീണ്ടു നിന്നിരുന്ന 30 മീറ്റർ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകർന്നു.വളഞ്ഞ ഗോവണിക്കു സമീപത്തെ ജിംനേഷ്യം തകർന്നുവീണു. ക്യാപ്റ്റന്റെ കാബിന്റെ ചുമര് തകർന്നതോടെ ദൃശ്യമായ ബാത്ത്ടബും അപ്രത്യക്ഷമായി.