abhijeet

കൊൽക്കത്ത: മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകനും കോൺഗ്രസ് നേതാവുമായിരുന്ന അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് സമയം മുതൽ അഭിജിത്ത് മുഖർജി കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങൾ പടർന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹം ആ വാദങ്ങളെല്ലാം തള‌ളിയിരുന്നു.

'ബിജെപിയുടെ വർഗീയ വാദത്തെ മമതാ ബാന‌ർജി സംസ്ഥാനത്ത് ഫലപ്രദമായി തടഞ്ഞതുപോലെ ഭാവിയിൽ രാജ്യത്തെ മറ്റു പാർട്ടികളുമായി ചേർന്ന് അത് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു' തൃണമൂലിൽ ചേർന്നുകൊണ്ട് നടന്ന പത്രസമ്മേളനത്തിൽ അഭിജിത്ത് മുഖർജി അഭിപ്രായപ്പെട്ടു. അതേസമയം അഭിജിത്തിന്റെ പാർട്ടിമാറ്റത്തെ സഹോദരിയും കോൺഗ്രസ് നേതാവുമായ ശർമ്മിഷ്‌ഠാ മുഖർജി അഭിപ്രായപ്പെട്ടു.

കോൺഗ്രസിലൂടെ 2011ൽ ബംഗാളിലെ നൽഹട്ടിയിൽ നിന്ന് വിജയിച്ച് എംഎൽ‌എയായ അഭിജിത്ത് മുഖർജി 2012ൽ പിതാവ് പ്രണബ് മുഖർജി ഇന്ത്യയുടെ രാഷ്‌ട്രപതിയായപ്പോൾ ജാൻഗിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് ലോക്‌സഭാംഗമായി. തുടർന്ന് 2014ലും വിജയം ആവർത്തിച്ചു. എന്നാൽ 2019ൽ തൃണമൂലിനോട് പരാജയപ്പെട്ടു.

ഈ വ‌ർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീ‌റ്റ് പോലും ബംഗാളിൽ നേടാനായതുമില്ല. തുടർന്ന് പാ‌ർട്ടിയുമായി അകന്നുകഴിഞ്ഞ അദ്ദേഹം ഇന്ന് തൃണമൂലിൽ ചേരുകയായിരുന്നു.

ഉത്തർപ്രദേശിൽ കോൺഗ്രസ് വക്താവ് ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ബംഗാളിൽ അഭിജിത്ത് മുഖർജി തൃണമൂലിൽ ചേർന്നത്. ബംഗാളിൽ മുൻപ് മുൻ തൃണമൂൽ നേതാവും ബിജെപി ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്ന മുകുൾ റോയിയും മകനും തിരികെ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. കൂടുതൽ വലിയ നേതാക്കൾ പാർട്ടിയിലെത്തുമെന്ന് അന്ന് മമതാ ബാനർജി അഭിപ്രായപ്പെട്ടിരുന്നു. ബിജെപി മുൻ നേതാവ് യശ്വന്ത് സിംഹയും തൃണമൂലിൽ ചേർന്നിരുന്നു. മുൻനിര നേതാക്കളുടെ വരവോടെ ദേശീയ രാഷ്‌ട്രീയത്തിൽ മുൻനിരയിലെത്താനുള‌ള മമതയുടെ ശ്രമങ്ങൾക്ക് വേഗം കൂടിയിരിക്കുകയാണ്.