ലണ്ടൻ: ഡെൽറ്റ അടക്കമുള്ള വകഭേദങ്ങൾ രാജ്യത്ത് പിടിമുറുക്കുന്നതിനിടെ കൊവിഡ്നിയന്ത്രണങ്ങൾ ലഘൂകരിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ജൂലായ് 19 ഓടെ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വൈറസിനൊപ്പം ജീവിക്കാൻ പഠിക്കാമെന്നാണ് ബോറിസ് ജോൺസൻ ബ്രിട്ടീഷ് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്.
ജൂൺ 21 ന് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനായിരുന്നു ബോറിസ് ആദ്യ ഘട്ടത്തിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഡെൽറ്റാ വർദ്ധിച്ചു വന്ന സാഹചര്യത്തിൽ പിന്മാറുകയായിരുന്നു. ബ്രിട്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിലധികവും ഡെൽറ്റാ വകഭേദത്തിൽ ഉൾപ്പെട്ടവയാണ്. അതേസമയം, മാസ്ക് ധാരണത്തിന്റെ കാര്യത്തിൽ ഇതുവരെ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നൈറ്റ് ക്ലബുകൾ, വലിയ ആൾക്കൂട്ടമുണ്ടാകുന്ന ചടങ്ങുകൾ എന്നിവയ്ക്ക് നിരോധനം തുടരും.ഇളവുകൾ അനുവദിക്കുമ്പോൾ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കാണുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പറയുന്നു. എന്നാൽ, വാക്സിനേഷൻ മൂലം ആശുപത്രിവാസവും മരണവും വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.യൂറോപ്പിൽ റഷ്യക്ക് പിന്നാലെ ഏറ്റവും കൂടുതൽകൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് ബ്രിട്ടനിലാണ്. 1.28 ലക്ഷത്തിലേറെ പേരാണ് രാജ്യത്ത് മരിച്ചത്. മൂന്നുവട്ടമാണ് ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്.
വാക്സിനേഷൻ ആദ്യമായി ആരംഭിച്ച രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ഡിസംബറിൽ ബ്രിട്ടനിൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. മുതിർന്നവരിൽ 64 ശതമാനം പേരും രണ്ട് ഡോസും സ്വീകരിച്ചതായാണ് കണക്കുകൾ. അതേസമയം, കൊവിഡ് രോഗിയുമായി സമ്പർക്കം വന്നതോടെ വില്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഒഫ് കേംബ്രിഡ്ജുമായ കേറ്റ് മിഡിൽറ്റൻ ഐസലേഷനിൽ പ്രവേശിച്ചു.