ശ്രീകാര്യം: മാരകായുധങ്ങളുമായി സംഘമായെത്തി വീടിന് നേരേ ബോംബേറ് നടത്തിയ കേസിലെ പ്രധാന പ്രതികളെ വെമ്പായം തേക്കടയ്ക്ക് സമീപത്തുള്ള ഒളിത്താവളത്തിൽ നിന്ന് ശ്രീകാര്യം പൊലീസ് പിടികൂടി. കേസിൽ ഉൾപ്പെട്ട ഒരാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്യുകയും ഒരാൾ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു.
ഉള്ളൂർ ഇടവക്കോട് വല്ലുണ്ണി സജി ഭവനിൽ ജിത്ത് (24), പോങ്ങുംമൂട് ജനശക്തി നഗർ പുളിയ്ക്കൽ ക്ഷേത്രത്തിനടുത്ത് പണയിൽ വീട്ടിൽ വിഷ്ണു സന്തോഷ് (27 - മഹാൻ) എന്നിവരാണ് അറസ്റ്റിലായത്. പറങ്കിയണ്ടി രാജീവ് എന്നു വിളിക്കുന്ന രാജീവ് (37) ആണ് നേരത്തേ അറസ്റ്റിലായത്. ഉള്ളൂർ ഇടവക്കോട് പേരൂർകോണം രമ്യാ നിവാസിൽ മനു (30 - കുട്ടു) ആണ് കോടതിയിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ജൂൺ 24ന് രാത്രി പത്തരയോടെ ഉള്ളൂർ ഇടവക്കോട് കല്ലമ്പള്ളി ദുർഗാദേവീ ക്ഷേത്രത്തിന് സമീപം രോഹിണി ഭവനിൽ ശശിധരന്റെ വീടിന് നേരേയാണ് ഇവർ നാടൻ ബോംബെറിഞ്ഞത്. ബോംബേറിൽ വീട് തകരുകയും സിറ്റൗട്ട് തകർന്ന് ശശിധരന് പരിക്കേൽക്കുകയും ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ വീട്ടിലുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചു. കഞ്ചാവ് മാഫിയാ സംഘത്തിൽപ്പെട്ട പ്രതികളെ പൊലീസിന് ചൂണ്ടിക്കൊടുത്തുവെന്നാരോപിച്ചായിരുന്നു ആക്രമണം.
കഴക്കൂട്ടം എ.സി.പിയുടെ നിർദേശപ്രകാരം ശ്രീകാര്യം എസ്.എച്ച്.ഒ മഹേഷ് പിള്ള, എസ്.ഐമാരായ ബിനോദ് കുമാർ, പ്രശാന്ത്, എ.എസ്.ഐ ഉല്ലാസ്, സി.പി.ഒമാരായ റാസി, പ്രശാന്ത്, ഹോം ഗാർഡുമാരായ വിജയകുമാർ, ജയരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.