ലണ്ടൻ: ഇംഗ്ളണ്ട് പര്യടനത്തിനുളള ടീം ഇന്ത്യയിലെ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന് പരിക്ക് മൂലം പരമ്പര മുഴുവൻ നഷ്‌ടമാകും. കാലിനാണ് ഗില്ലിന് പരിക്കേറ്റത്. മൂന്ന് മാസമെങ്കിലും ഗില്ലിന് വിട്ടുനിൽക്കേണ്ടി വന്നേക്കും. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പൺ ചെയ്‌തത് ഗില്ലായിരുന്നു.
രണ്ട് ഓപ്പണർമാരെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നു.എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക കത്ത് നൽകിയിട്ടില്ല. അഞ്ച് ടെസ്‌റ്റ് മത്സരങ്ങളാണ് ഇന്ത്യയ്‌ക്ക് ഇംഗ്ളണ്ട് പര്യടനത്തിലുളളത്. വിജയ് ഹസാരെ ട്രോഫിയിലും തുടർന്ന് നടന്ന ഐപിഎല്ലിലും മികച്ച ഫോമിലുളള പൃഥ്വി ഷായെയും ദേവ്‌ദത്ത് പടിക്കലിനെയുമാണ് ഈ സ്ഥാനത്തേക്ക് ടീം ഇന്ത്യ ഉദ്ദേശിക്കുന്നത്. നിലവിൽ ശ്രീലങ്കൻ പര്യടനത്തിനുളള ടീമിൽ അംഗങ്ങളാണ് ഇരുവരും.
നിലവിൽ ഇംഗ്‌ളണ്ടിലുളള മുതിർന്ന താരങ്ങളടങ്ങുന്ന ടീം ഇന്ത്യയിൽ മയാങ്ക് അഗർവാൾ, അഭിമന്യു ഈശ്വരൻ എന്നീ ഓപ്പണർമാരുണ്ട്.