തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സിൽ മദ്യം നിർമ്മിക്കാനെത്തിച്ച സ്പിരിറ്റ് ചോർത്തി വിറ്റ കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതിയായ ടാങ്കർ ഡ്രൈവർ നന്ദകുമാർ, മൂന്നാംപ്രതിയായ ജീവനക്കാരൻ അരുൺകുമാർ എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. രണ്ടാംപ്രതിയും ടാങ്കർ ഡ്രൈവറുമായ സിജോ തോമസ് ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. ഇവരുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ഇന്നലെ രാവിലെ പുനഃരാരംഭിച്ച ജവാൻ റം നിർമ്മാണം എക്സൈസ് വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് വീണ്ടും നിറുത്തിവച്ചു. നിലവിലെ സ്പിരിറ്റിന്റെ സ്റ്റോക്ക് എടുത്ത ശേഷമേ പൂർണതോതിൽ മദ്യ നിർമ്മാണം തുടരൂ.
സ്പിരിറ്റ് തട്ടിപ്പിൽ പ്രതിചേർക്കപ്പെട്ട ഫാക്ടറിയിലെ ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽപോയതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ ജവാൻ റം നിർമ്മാണം നിലച്ചത്. വിരമിച്ച പ്രൊഡക്ഷൻ ഡെപ്യൂട്ടി മാനേജർ ജോർജ് ഫിലിപ്പിനെ തിരികെവിളിച്ചാണ് ബിവറേജസ് കോർപ്പറേഷൻ ഇന്നലെ രാവിലെ മദ്യ നിർമ്മാണം പുനഃരാരംഭിച്ചത്. 1200 കുപ്പിയിലധികം മദ്യം ബോട്ടിൽ ചെയ്തശേഷമാണ് നിറുത്തിയത്.
നിലവിലുള്ള സ്പിരിറ്റിന്റെ സ്റ്റോക്കും ഗുണനിലവാരവും മറ്റും ഇന്നലെ വൈകിട്ട് ആറുമുതൽ എക്‌സൈസ്, പൊലീസ്, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി പരിശോധിച്ചു തുടങ്ങി. കണക്കെടുപ്പ് പൂർത്തിയായ ശേഷമേ നിർമ്മാണം പുനഃരാരംഭിക്കൂ.
സ്പിരിറ്റ് ചോർത്തലിന്റെ അന്വേഷണച്ചുമതല സ്ഥലംമാറിയെത്തിയ പുളിക്കീഴ് സി.ഐ ഇ.ഡി. ബിജു ഏറ്റെടുത്തു. ജില്ലാപൊലീസ് ചീഫ് ആർ. നിശാന്തിനി മേൽനോട്ടം വഹിക്കും. തിരുവല്ല, എറണാകുളം, മദ്ധ്യപ്രദേശ് എന്നിവിടങ്ങിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാകും അന്വേഷണം. സംഭവത്തിലെ മറ്റ് പ്രതികളായ ഫാക്ടറി മാനേജർമാർ ഒളിവിലാണ്.
ട്രാവൻകൂർ ഷുഗേഴ്സിലേക്ക് സ്പിരിറ്റ് കൊണ്ടുവന്ന ടാങ്കർ ലോറി കഴിഞ്ഞദിവസം ആലപ്പുഴയിൽ പാടത്തേക്ക് മറിഞ്ഞ സംഭവത്തിൽ ദുരൂഹതയുള്ളതായും പറയപ്പെടുന്നു.