ന്യൂഡൽഹി: കോൺഗ്രസ് ടൂൾകിറ്റ് കേസിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുളള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. കോടതിയിൽ സമർപ്പിക്കപ്പെടുന്ന നിസാര ഹർജികൾ സംബന്ധിച്ച് നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഹർജി തളളിക്കൊണ്ട് കോടതി പ്രതികരിച്ചു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച ആരോപണം ശരിയാണെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നടക്കം ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ഹർജിക്കാരന് ടൂൾകിറ്റിനോട് താത്പര്യമില്ലെങ്കിൽ അതിനെ അവഗണിക്കുക. അത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ഇത്തരം നിസാര ഹർജികൾ പരിഗണിക്കാനാവില്ലെന്നും ഹർജിയിൽ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം ഹർജികളിൽ സുപ്രീംകോടതി എന്തെങ്കിലും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡിന്റെ 'ഇന്ത്യൻ വകഭേദം' എന്ന പ്രയോഗം പോലും പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ശശാങ്ക് ശങ്കർ ഝാ പറഞ്ഞു. സിംഗപ്പൂർ വകഭേദം എന്ന പ്രയോഗം ഉപയോഗിക്കുന്നതിൽ സിംഗപ്പൂർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾക്കറിയാമോ എന്നും വിവിധ തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളെ നിയന്ത്രിക്കാൻ ഒരു കോടതിക്ക് കഴിയുമോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. അതേസമയം, 'ടൂൾകിറ്റ്' വിഷയത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് രണ്ടംഗ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എം.ആർ ഷാ ചൂണ്ടിക്കാട്ടി.