സ്റ്രോക്കെടുക്കാൻ വിശദ പരിശോധന ഉടൻ
പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗർ മില്ലിലെ സ്പിരിറ്റ് തിരിമറിയുടെ അന്വേഷണപുരോഗതി വിലയിരുത്താനും ഭാവി നടപടികൾ ആലോചിക്കാനും എസ്.പി നിശാന്തിനി കമ്പനിയിലെത്തി. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന തിരുവല്ല ഡിവൈ. എസ്.പി ,പുളിക്കീഴ് സി.ഐ എന്നിവരുമായും തട്ടിപ്പ് കണ്ടെത്തിയ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ എസ്.പി കമ്പനി അധികൃതരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇന്ന് രാവിലെ പത്തുമണിയോടെ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണമാണ് എസ്.പി നിശാന്തിനി തിരുവല്ല ഷുഗർമില്ലിലെത്തിയത്. തിരുവല്ലയിലെ ഷുഗർമില്ലിൽ നടന്ന കോടികളുടെ സ്പിരിറ്റ് കുംഭകോണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് എസ്.പിയുടെ സന്ദർശനമെന്നത് പ്രാധാന്യമർഹിക്കുന്നു. സ്പിരിറ്റ് തിരിമറി നടന്ന മദ്ധ്യപ്രദേശിലേക്കും കർണാടകയിലെ മൈസൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നിരിക്കെ ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് പോലുള്ള പ്രത്യേക സംഘത്തിലേക്ക് അന്വേഷണം മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് എസ്.പി നേരിട്ടെത്തി അന്വേഷണ കാര്യങ്ങൾ വിലയിരുത്തിയത്. കേസ് അന്വേഷണചുമതല വഹിച്ചിരുന്ന പുളിക്കീഴ് സി.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും അന്വേഷണ പുരോഗതിയെ ബാധിക്കുന്ന കാര്യമാണ്. അതേസമയം കമ്പനിയിൽ നിർത്തിവച്ച ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം ഇന്ന് പുനരാരംഭിക്കാനുള്ള തീരുമാനവും മാറ്റി. കമ്പനിയിൽ സ്റ്റോക്കുള്ള സ്പിരിറ്റിന്റെ അളവും ഗുണനിലവാരവും സംബന്ധിച്ച കാര്യങ്ങളിൽ ലീഗൽ മെട്രോളജി, എക്സൈസ്, പൊലീസ് വിഭാഗങ്ങളും ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയശേഷം മതി ഉൽപ്പാദനമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തിൽ മാറ്റമുണ്ടായത്. സ്പിരിറ്ര് കടത്ത് വിവാദങ്ങൾക്കിടെ റം ഉൽപ്പാദനം കൂടി നിർത്തിവയ്ക്കുന്നത് കമ്പനിക്ക് കൂടുതൽ പേരുദോഷത്തിനിടയാക്കുമെന്നതിനാലാണ് എത്രയും പെട്ടെന്ന് ഉൽപ്പാദനം പുനരാരംഭിക്കാൻ കമ്പനി ആലോചിച്ചത്. എന്നാൽ കമ്പനിയിൽ സ്റ്റോക്ക് ചെയ്തിട്ടുളള സ്പിരിറ്റിന്റെ അളവും ഗുണനിലവാരവും സംബന്ധിച്ച പരിശോധനാഫലങ്ങൾ പരസ്യമാക്കാൻ കമ്പനി അധികൃതർ കൂട്ടാക്കിയിരുന്നില്ല. സ്പിരിറ്റ് കടത്തിന് പിന്നിൽ വൻ തിരിമറികളും ക്രമക്കേടും നടന്നിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ്.
സസ്പെൻഡ് ചെയ്ത ജനറൽ മാനേജർക്ക് പകരം കമ്പനിയിലെ സ്റ്റോക്കും കണക്കുകളും വിശദമായി പരിശോധിക്കാൻ തീരുമാനമായത്. സ്പിരിറ്റ് വെട്ടിപ്പ് കണ്ടെത്തുകയും കേസിൽ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർ ഒളിവിൽ പോകുകയും ചെയ്തതിനെത്തുടർന്നാണ് ജവാൻ ഉൽപ്പാദനം നിർത്തിവച്ചത്.
അതേസമയം, സ്പിരിറ്റ് വെട്ടിപ്പ് കേസിൽ ജനറൽ മാനേജർ അലക്സ് പി.എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർ സസ്പെൻഷനിലാണ്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരിക്കുന്ന ഇവരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ശ്രമിക്കാത്തതും സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഹൈക്കോടതി നിർദേശാനുസരണം കീഴടങ്ങുകയോ മുൻകൂർ ജാമ്യം ലഭിക്കുകയോ ചെയ്താൽ പൊലീസിന് ഇവരെ സാധാരണപോലെ ചോദ്യം ചെയ്യാനോ കസ്റ്റഡിയിൽ വയ്ക്കാനോ കഴിയില്ല. അതിനാൽ മുൻകൂർ ജാമ്യം ലഭിച്ചാലും നിഷേധിക്കപ്പെട്ടാലും ഹൈക്കോടതി തീരുമാനത്തിന് വിധേയയമായി പൊലീസിന് മുന്നിൽ ഹാജരാകാനാണ് ഒളിവിൽ കഴിയുന്നവരുടെ നീക്കം. പുറത്തുവന്ന വിവരങ്ങളിൽ മാത്രം ഒതുക്കി അന്വേഷണം അവസാനിപ്പിക്കാൻ പൊലീസിന് മേൽ രാഷ്ട്രീയ ഉദ്യോഗസ്ഥതല സമ്മർദ്ദവും ശക്തമാണെന്നാണ് ലഭിക്കുന്ന വിവരം.
ജവാന്റെ ഗുണപരിശോധനയിൽ തട്ടിപ്പ്
പുളിക്കീഴ് കമ്പനിയിൽ കഴിഞ്ഞ ദിവസം എത്തിയ ടാങ്കറുകളിലെ മോഷണത്തിൽ കമ്പനി ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി. സ്പിരിറ്റിൽ കുറവു വന്നാൽ റം ഉൽപാദനത്തിലും കുറവു വരും. ഇത് നികത്താനായി ഡിസ്റ്റിൽഡ് വാട്ടർ കൂടുതൽ ഉപയോഗിച്ചിരുന്നുവെന്നും ഇതോടെ ജവാനിലെ ആൽക്കഹോളിന്റെ ശതമാനം കുറവായിരുന്നുവെന്നും പരാതിയുണ്ട്. തിരുവനന്തപുരത്തെ സർക്കാർ ലാബിൽ പരിശോധനയ്ക്ക് അയയ്ക്കുന്ന സാമ്പിളിൽ വീര്യം കുറയാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നുവെന്ന് വ്യക്തം. തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാനായിരുന്നു ഈ തന്ത്രം. ലോക്ക് ഡൗണായതോടെ കഴിഞ്ഞ ഒന്നര വർഷമായി കമ്പനിയിൽ ഉൽപ്പാദനം കുറവാണ്. ലോക്ക് ഡൗണിന് ഇളവ് നൽകുകയും ബിവറേജസ് ഷോപ്പുകൾ തുറക്കുകയും ചെയ്തതോടെയാണ് ഉൽപ്പാദനവും സ്പിരിറ്റ് സംഭരണവും കൂടിയത്.