തിരുവനന്തപുരം: നിരവധി രാജ്യങ്ങൾ ഇന്ത്യയുടെ വാക്സിനേഷൻ പോർട്ടൽ ഉപയോഗിക്കാൻ താത്പര്യം അറിയിച്ചതായി സൂചന നൽകി സർക്കാർ വൃത്തങ്ങൾ. ഓപ്പൺ സോഴ്സ് കോവിൻ സോഫ്റ്റ്‌വെയർ മറ്റ് രാജ്യങ്ങളുമായി പങ്കിടാൻ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കോവിൻ ആപ്പിൽ താത്പര്യം അറിയിച്ച രാജ്യങ്ങളിൽ ക്രൊയേഷ്യ, സിയെറ ലിയോൺ, മാലിദ്വീപ്, മലാവി, ഗയാന എന്നീരാജ്യങ്ങൾ ഉൾപ്പെടുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
"കോവിൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് നിരവധി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള രാജ്യങ്ങൾക്ക് കോവിൻ പ്ലാറ്റ്ഫോം സജ്ജമാക്കാനും അനുരൂപമാക്കാനും പ്രയോഗിക്കാനും പ്രാപ്തമാക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ദേശീയ ആരോഗ്യ അതോറിറ്റിയുമായി (എൻ.എച്ച്.എ) ചേർന്ന് പ്രവർത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് പോലുള്ള മാരകമായ പകർച്ചവ്യാധിക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിന് സാങ്കേതികവിദ്യ അവിഭാജ്യമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകം 'ഒരു കുടുംബം' ആണെന്ന് ഇന്ത്യൻ നാഗരികത വിശ്വസിക്കുന്നതിനാൽ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ സമാഹരിച്ച അനുഭവം ലോകവുമായി പങ്കിടാൻ ഇന്ത്യ സന്നദ്ധമാണ്.
പ്രതിരോധ കുത്തിവയ്പ്പ് മഹാമാരിയിൽ നിന്ന് വിജയകരമായി ഉയർന്നുവരാനുള്ള മാനവരാശിയുടെ ഏറ്റവും നല്ല പ്രതീക്ഷയാണ്. തുടക്കം മുതൽ വാക്സിനേഷൻ തന്ത്രം ആസൂത്രണം ചെയ്യുന്നതിനിടയിൽ പൂർണമായും ഡിജിറ്റൽ സമീപനം സ്വീകരിക്കാൻ ഇന്ത്യയിൽ ഞങ്ങൾ തീരുമാനിച്ചതായും കോവിൻ ഗ്ലോബൽ കോൺക്ലേവിനെ ഓൺലെെനായി അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
വിയറ്റ്നാം, ലാവോ പിഡിആർ, സൈപ്രസ് എന്നീ രാജ്യങ്ങൾ വാക്‌സിനേഷൻ പ്ലാറ്റ്‌ഫോമായി കോവിൻ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. കാനഡ, മെക്‌സിക്കോ, നൈജീരിയ, പനാമ, ഉഗാണ്ട എന്നിവ അടക്കം 50 രാജ്യങ്ങൾക്ക് താത്പര്യം ഉണ്ടെന്ന് എൻ.എച്ച്.എ സി.ഇ.ഒ ഡോ. ആർ.എസ്. ശർമ നേരത്തേ പറഞ്ഞിരുന്നു.