stan-swamy

തിരുവനന്തപുരം: എൾഗാർ കേസിൽ കുറ്റാരോപിതനായ ക്രിസ്ത്യൻ പുരോഹിതൻ സ്റ്റാൻ സ്വാമി മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സാഹിത്യനിരൂപകനും രാഷ്ട്രീയ-സാംസ്‌കാരിക നിരീക്ഷകനുമായ ഡോ. ആസാദ്. സ്റ്റാന്‍ സ്വാമി എന്ന വന്ദ്യ വയോധികനായ സന്യാസിയെ തടവറയിലിട്ട് പീഡിപ്പിച്ചു കൊന്നു കളഞ്ഞിരിക്കുന്നു ഭരണകൂടം. പാർക്കിൻസൺസ് രോഗമുള്ള വിറയ്ക്കുന്ന എണ്‍പത്തിനാലുകാരനെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് ശ്വാസം മുട്ടിച്ചു കൊന്നിരിക്കുന്നു. ഇന്ത്യയെന്ന മഹാസംസ്കൃതിയുടെ നാട് തല കുനിക്കണം, മാപ്പിരക്കണമെന്നും ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.

ഗാന്ധിയെന്ന വെളിച്ചം കെടുത്തിയ കീടം ഭരണകൂടമെന്ന ഹിംസ്രജീവിയായി മാറി നീതിയുടെ ജീവനെടുക്കുന്ന കാലമാണിത്. സ്റ്റാന്‍ സ്വാമിയെ തടവില്‍ കൊന്നപ്പോള്‍ ഗാന്ധിജിയാണ് വീണ്ടും വധിക്കപ്പെട്ടത്. ഇന്ത്യയുടെ ആത്മാവിനാണ് മുറിവേറ്റത്. സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ചോദ്യം ചെയ്യപ്പെട്ടത്. നൂറ്റിമുപ്പത്തിയാറു കോടി പൗരന്മാരുടെ അന്തസും ആത്മാഭിമാനവും രാജ്യത്തെക്കുറിച്ചുള്ള മഹത്തായ സങ്കല്‍പ്പവും തകര്‍ന്നിരിക്കുന്നു.

സ്റ്റാന്‍ സ്വാമി രക്തസാക്ഷിയായത് ഫാഷിസ്റ്റ് തടവറയില്‍ പീഡിപ്പിക്കപ്പെട്ടാണ്. അതേ വിധി കാത്തു കഴിയുന്ന അനേകരുണ്ട് ഇന്ത്യന്‍ തടവറകളില്‍. അവരെപ്പറ്റി പറയാനുള്ള നീതിബോധമുണ്ടാവണം, സ്റ്റാന്‍ സ്വാമിയെ ആശ്ലേഷിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും. ഉപചാര ഭാഷണങ്ങള്‍കൊണ്ട് കാര്യമില്ല. ധീരമായ നിലപാടും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും നമുക്കുണ്ടാവട്ടെ എന്നും ആസാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്റ്റാന്‍ സ്വാമി എന്ന വന്ദ്യ വയോധികനായ സന്യാസിയെ തടവറയിലിട്ട് പീഡിപ്പിച്ചു കൊന്നു കളഞ്ഞിരിക്കുന്നു ഭരണകൂടം. പാർക്കിൻസൺസ് രോഗമുള്ള വിറയ്ക്കുന്ന എണ്‍പത്തിനാലുകാരനെ സകല മനുഷ്യാവകാശങ്ങളും നിഷേധിച്ച് ശ്വാസം മുട്ടിച്ചു കൊന്നിരിക്കുന്നു!

ഇന്ത്യയെന്ന മഹാസംസ്കൃതിയുടെ നാട് തല കുനിക്കണം. മാപ്പിരക്കണം. ഇങ്ങനെ ഒരു ഭരണകൂടത്തെ സൃഷ്ടിച്ച തെറ്റിന് ക്ഷമ യാചിക്കണം. ഭരണകൂടം നടത്തിയ അതിക്രൂരമായ കൊലപാതകം സ്റ്റാന്‍ സ്വാമിയോടൊപ്പം നീതിയുടെ സൂര്യനെ കെടുത്തിയിരിക്കുന്നു. ഇപ്പോഴിത് ഇരുളാര്‍ന്ന ഇന്ത്യ. രാത്രീഞ്ചരരുടെ നിയമം അഴിച്ചുവിടപ്പെട്ട ഇന്ത്യ. ദരിദ്രരുടെയും പുറം തള്ളപ്പെട്ടവരുടെയും രക്ഷകനെ പിച്ചിച്ചീന്തുന്ന വേട്ടപ്പട്ടികളുടെ ഇരുളിന്ത്യ.

ഗാന്ധിയെന്ന വെളിച്ചം കെടുത്തിയ കീടം ഭരണകൂടമെന്ന ഹിംസ്രജീവിയായി മാറി നീതിയുടെ ജീവനെടുക്കുന്ന കാലമാണിത്. സ്റ്റാന്‍ സ്വാമിയെ തടവില്‍ കൊന്നപ്പോള്‍ ഗാന്ധിജിയാണ് വീണ്ടും വധിക്കപ്പെട്ടത്. ഇന്ത്യയുടെ ആത്മാവിനാണ് മുറിവേറ്റത്. സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ചോദ്യം ചെയ്യപ്പെട്ടത്. നൂറ്റിമുപ്പത്തിയാറു കോടി പൗരന്മാരുടെ അന്തസ്സും ആത്മാഭിമാനവും രാജ്യത്തെക്കുറിച്ചുള്ള മഹത്തായ സങ്കല്‍പ്പവും തകര്‍ന്നിരിക്കുന്നു.

സ്റ്റാന്‍ സ്വാമിയെ വേട്ടയാടിയ ഭരണകൂടവും അതിന്റെ നായാട്ടു നിയമങ്ങളും നിലനിന്നുകൂടാ. സ്വാമി ചേര്‍ന്നുനിന്ന ദുര്‍ബ്ബല സമുദായങ്ങളുടെ പോരാട്ടങ്ങളില്‍ പങ്കുചേരാന്‍ ഈ ചിന്ത നമ്മെ പ്രേരിപ്പിക്കുന്നു. മാവോയിസ്റ്റെന്നോ അര്‍ബന്‍ നക്സലെന്നോ ഉള്ള ആക്ഷേപ വിളികളില്‍ തളര്‍ന്നു പോകില്ല നീതിയുടെ ശബ്ദങ്ങളെന്ന് ഇനിയും തെളിയിക്കാതെ വയ്യ. സ്റ്റാന്‍ സ്വാമിക്കൊപ്പം നില്‍ക്കുന്നു എന്നു പറയാന്‍ ആ തീര്‍പ്പു വേണം. ആ ധീരത വേണം.

സ്റ്റാന്‍ സ്വാമിക്കൊപ്പം നില്‍ക്കാന്‍, ആ വേര്‍പാടില്‍ വേദനിക്കാന്‍ ആധികാര ദുര്‍മ്മദങ്ങള്‍ക്കെതിരെ മിടിക്കുന്ന ഹൃദയം വേണം. ആദിവാസികളെയും ദളിതരെയും ദരിദ്ര സമൂഹങ്ങളെയും മണ്ണവകാശത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്ന ഒരധികാരശക്തിക്കും സ്റ്റാന്‍ സ്വാമിയുടെ പേരിനി ഉച്ചരിക്കാന്‍ അവകാശമില്ല. അധികാര പ്രമത്തതയുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു രാഷ്ട്രീയത്തിനും സ്റ്റാന്‍ സ്വാമിയെച്ചൊല്ലി കരയാന്‍ അവകാശമില്ല.

സ്റ്റാന്‍ സ്വാമി രക്തസാക്ഷിയായത് ഫാഷിസ്റ്റ് തടവറയില്‍ പീഡിപ്പിക്കപ്പെട്ടാണ്. അതേ വിധി കാത്തു കഴിയുന്ന അനേകരുണ്ട് ഇന്ത്യന്‍ തടവറകളില്‍. അവരെപ്പറ്റി പറയാനുള്ള നീതിബോധമുണ്ടാവണം സ്റ്റാന്‍ സ്വാമിയെ ആശ്ലേഷിക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും. ഉപചാര ഭാഷണങ്ങള്‍കൊണ്ട് കാര്യമില്ല. ധീരമായ നിലപാടും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും നമുക്കുണ്ടാവട്ടെ.