rss

ന്യൂഡൽഹി: എല്ലാ ഇന്ത്യക്കാരുടേയും ഡി.എൻ.എ ഒരേപോലെയാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭ​ഗവതിന്റെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് ദിഗ് വിജയ് സിം​ഗ്. ഭ​ഗവതിന്റെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നിരപരാധികളായ മുസ്ലീങ്ങളെ ഉപദ്രവിച്ച ബി.ജെ.പി നേതാക്കളെയെല്ലാം അവരവരുടെ സ്ഥാനമാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വാക്കുകളും പ്രവൃത്തികളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഭ​ഗവത് അങ്ങനെ ചെയ്യില്ല. ഒരേ ഡി.എൻ.എ ഉളളപ്പോൾ എന്താണ് 'ലൗ ജിഹാദ്' എന്നും സിം​ഗ് ചോദിച്ചു.

ഭ​ഗവത് ജി ഈ ആശയം നിങ്ങളുടെ ശിഷ്യൻമാർക്കും, പ്രചാരകൻമാർക്കും, വിശ്വഹിന്ദു പരിഷദ്/ബ്ജ്രം​ഗിദൾ പ്രവർത്തകർക്കും മോദി-ഷാ എന്നിവർക്കും നൽകുമോ? ഇക്കാര്യം ബി.ജെ.പി. നേതാക്കളെ ബോദ്ധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഞാന്‍ താങ്കളുടെ ആരാധകനായി മാറുമെന്നും സിം​ഗ് പ്രതികരിച്ചു. നിങ്ങൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ വെറുപ്പു നിറച്ചു. അത് നീക്കം ചെയ്യുക എളുപ്പമല്ല. സരസ്വതി ശിശു മന്ദിർ മുതൽ അതിന്റെ ബൗദ്ധിക പരിശീലനം വരെ, മുസ്ലീങ്ങൾക്കെതിരെയുള്ള വെറുപ്പിന്റെ വിത്തുകൾ സംഘം പാകിക്കഴിഞ്ഞു. അത് നീക്കം ചെയ്യുക എളുപ്പമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

संघ प्रमुख मोहन भागवत बोले- हिंदू और मुस्लिम अलग नहीं, सभी भारतीयों का डीएनए एक है https://t.co/bkfecvXRWE

मोहन भागवत जी यह विचार क्या आप अपने शिष्यों, प्रचारकों, विश्व हिंदू परिषद/ बजरंग दल कार्यकर्ताओं को भी देंगे? क्या यह शिक्षा आप मोदीशाह जी व भाजपा मुख्यमंत्री को भी देंगे?

— digvijaya singh (@digvijaya_28) July 5, 2021

ആർ.എസ്.എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നടന്ന പരിപാടിക്കിടെ മുസ്ലീങ്ങൾ ആരും ഇവിടെ ജീവിക്കരുത് എന്ന് ഒരു ഹിന്ദു പറയുകയാണെങ്കിൽ, അയാൾ ഹിന്ദുവല്ല എന്നും ഭ​ഗവത് പറഞ്ഞിരുന്നു. പശു വിശുദ്ധമൃഗമാണ്. എന്നാൽ, മറ്റുള്ളവരെ ആക്രമിക്കുന്നവർ ഹിന്ദുത്വത്തിന് എതിരായി പ്രവർത്തിക്കുന്നവരാണ്. ഇത്തരക്കാർക്കെതിരെ യാതൊരു പക്ഷഭേദവും കൂടാതെ നിയമസംവിധാനം നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.