anti-drone

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ മാസം ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുട‌ന്ന് വ്യോമസേനയുടെ പ്രതിരോധം ശക്തമാക്കും. ഇതിനായി 10 ആന്റി ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിന്റെ നിർമാണത്തിനായി ഇന്ത്യൻ കമ്പനികളിൽ നിന്ന് വ്യോമസേന അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ഡ്രോൺ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇന്ത്യ തുടർന്നും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ പോലുള്ള വലിയ ആക്രമണങ്ങളെ ചെറുക്കാൻ പര്യാപ്തമായവയാണ്. എന്നാൽ അത്യാധുനിക റഡാറുകളും ആന്റിമിസൈലുകളും അടങ്ങിയ ഈ പ്രതിരോധസംവിധാനത്തിൽ ഡ്രോൺ പോലുള്ള ചെറിയ ഉപകരണങ്ങൾ പെട്ടെന്ന് കണ്ടെത്താൻ സാധിച്ചെന്നു വരില്ല. ഇതിനാലാണ് വ്യോമസേന പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിന് പദ്ധതിയിടുന്നത്.

ഈ മാസം തന്നെ ടെൻഡറുകൾ പൂർത്തീകരിച്ച് നിർമാണം തുടങ്ങനുള്ള പദ്ധതിയിലാണ് വ്യോമസേന. ടെൻ‌ഡറുകൾ അംഗീകരിച്ചുകഴിഞ്ഞാൽ കഴിയുന്നതും ഒരു വർഷത്തിനുള്ളിൽ തന്നെ ആന്റി ഡ്രോണുകൾ പ്രവർത്തനസജ്ജമാക്കാനാണ് വ്യോമസേനയുടെ പദ്ധതി.

വ്യോമസേനയുടെ പക്കൽ നിലവിൽ ഏതാനും ചില ആന്റി ഡ്രോൺ ഉപകരണങ്ങൾ ഉണ്ടെങ്കിലും അവ എണ്ണത്തിൽ വളരെ കുറവാണ്. എന്നാൽ ഇതിൽ ഒന്ന് പോലും ആക്രമണം നടന്ന ജമ്മു വിമാനതാവളത്തിൽ സ്ഥാപിച്ചിരുന്നില്ല. ഫൈറ്റർ ജെറ്റ് പോലുള്ള വിമാനങ്ങൾ ഒന്നും തന്നെ ജമ്മു വിമാനതാവളത്തിൽ സൂക്ഷിക്കാത്തതിനാലാണ് ആന്റി ഡ്രോണുകൾ അവിടെ സ്ഥാപിക്കാതിരുന്നതെന്ന് ഇന്ത്യയുടെ എയർ ചീഫ് മാർഷൽ ആ‌ർ കെ എസ് ഭദൗരിയ മാദ്ധ്യമങ്ങളെ അറിയിച്ചു.