കൊല്ലങ്കോട്: അന്തർ സംസ്ഥാന വാഹന മോഷ്ടാവും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഭവനഭേദനം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയുമായ തൃശൂർ മേലൂർ കൂമുള്ളി വീട്ടിൽ സൂരജ് കുട്ടൻ അറസ്റ്റിൽ. 2011ൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്ന പ്രതിയെ കൊല്ലങ്കോട് പൊലീസാണ് പിടികൂടിയത്.
ഇരിങ്ങാലക്കുട സ്വദേശി പുല്ലൂർ ബെന്നിയെന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ കൂട്ടാളിയാണ് പിടിയിലായ സൂരജ് കുട്ടൻ. മുങ്ങിയശേഷം പ്രതിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. കർണാടകയിലെ ഷിമോഗ, സുള്യ, മംഗലാപുരം, ബംഗളൂരു, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ബംഗളൂരുവിലെ കൊണനകുണ്ടൈ എന്ന സ്ഥലത്ത് വാടകവീട്ടിൽ നാഗേശ്വർ മേക്കാട് എന്ന പേരിൽ പൂജാരി ചമഞ്ഞും മറ്റും താമസിച്ച് വരികയായിരുന്നു. അത്ഭുത സിദ്ധി യന്ത്രങ്ങൾ, മുഖലക്ഷണം, കൈനോട്ടം തുടങ്ങിയ പ്രവൃത്തികളിലൂടെ പണം തട്ടുന്നവെന്ന് അറിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തിങ്കളാഴ്ച പുലർച്ചെ പ്രതിയെ പിടികൂടാനായത്.
ആലത്തൂർ, പുതുനഗരം, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ വാറണ്ടുകൾ നിലവിലുണ്ട്. വയനാട്, കാസർകോട് ജില്ലകളിൽ പ്രതിക്കും കൂട്ടാളികൾക്കുമെതിരെ വാഹനമോഷണത്തിന് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. ചിറ്റൂർ ഡിവൈ.എസ്.പി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സി.ഐ എ. വിപിൻദാസ്, എസ്.ഐ കെ. ഷാഹുൽ, സീനിയർ സി.പി.ഒ കെ. ഉവൈസ്, സി.പി.ഒ എസ്. ജിജോ, കെ. ദിലീപ് എന്നിവരുമുണ്ടായിരുന്നു.
കേസുകൾ
കാസർട് ബേക്കലിൽ ഭവനഭേദനം, കവർച്ച
1994ൽ തൃശൂരിലെ മാർത്താമറിയം പള്ളിയിൽ നിന്ന് മൂന്നര കിലോ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്ത കേസ്
കൊല്ലങ്കോട് സബ് രജിസ്ട്രാർ ഓഫീസിനു പുറകുവശത്തെ വിട്ടിലെ 110000 രൂപയുടെ സ്വർണമോഷണം
പെരുങ്ങോട്ടുകാവിൽ സുനിൽ വിഹാറിൽ ചന്ദ്രന്റെ വീട്ടിൽ നിന്നും 1.75 ലക്ഷം രൂപയുടെ സ്വർണവും പണവും മോഷ്ടിച്ചു
കൊല്ലങ്കോട് ചിക്കണാംപാറ സെയ്ദ് ഇബ്രാഹിമിന്റെ വീട്ടിൽ നിന്നും പണവും സ്വർണമാലയും കവർന്നു