അപമാനം സഹിച്ച് കേരള കോൺഗ്രസ് ഇനിയും ഇടതുമുന്നണിയിൽ തുടരണമോയെന്ന് ചോദിച്ച് കെ എം മാണിയുടെ മരുമകനും മുൻ ഐ എ എസ് ഉദ്യോഗസ്ഥനുമായ എം പി ജോസഫ്. കെ എം മാണി അഴിമതിക്കാരൻ ആണെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സി പി മ്മിന്‍റെ തനിനിറം പുറത്തു വന്നിരിക്കുകയാണെന്നും തൃക്കരിപ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
മോഹനവാഗ്‌ദ്ധാനങ്ങൾ നൽകി ജോസ് കെ.മാണിയെ ഇടതുപാളയത്തിൽ എത്തിച്ച സി പി എം നേതാക്കന്മാർ കേരള കോൺഗ്രസിനെയും കെ എം മാണിയെയും അപമാനിക്കുകയാണ്. മാണി ഗ്രൂപ്പിനെ കോട്ടയത്ത് വളരാൻ സി പി എം അനുവദിക്കില്ല. ഭാര്യ സഹോദരനായ ജോസ് കെ.മാണിയെ പാലായിൽ നിർത്തി സി പി എം പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിക്കുന്ന ജോസഫ് ജോസ് കെ മാണി ഇടതുമുന്നണിയുടെ കെണിയിൽ നിന്ന് പുറത്തുവരണമെന്നും ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
അപമാനം സഹിച്ച് ഇനിയും ഇടതുമുന്നണിയിൽ തുടണമോ ?
കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന യശ്ശശരീരനായ കെ.എം മാണി അഴിമതിക്കാൻ ആണെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതോടു കൂടി സിപിമ്മിന്‍റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്.
കേരള കോൺഗ്രസ് പ്രവർത്തകരും യുഡിഫിലെ ഓരോ പ്രവർത്തകരും ഞെട്ടലോടെ ആണ് ഇത് കേട്ടറിഞ്ഞത്. വെറും വോട്ടുരാഷ്ട്രീയത്തിന് വേണ്ടി മോഹനവാഗ്ദാനങ്ങൾ നൽകി ശ്രീ. ജോസ് കെ.മാണിയെ ഇടതുപാളയത്തിൽ എത്തിച്ച സിപിഎം നേതാക്കന്മാർ കേരളാ കോൺഗ്രസിനെയും ശ്രീ.കെ.എം മാണിയെയും അപമാനിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്കു കെ.എം മണിയോടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനോടും, പ്രത്യേകിച്ച് ശ്രീ.ജോസ് കെ മണിയോടും ഉള്ളിൽ ഉള്ള അഭിപ്രായമായി മാത്രമേ ഇതിനെ കാണാൻ പറ്റൂ. എന്നുമാത്രമല്ല, ഒരു കാരണവശാലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെയോ ശ്രീ.ജോസ് കെ മണിയെയോ കേരളത്തിൽ, പ്രത്യേകിച്ച് കോട്ടയത്ത് വളരാൻ CPM സമ്മതിക്കുകയില്ല എന്നത് ഒരു വസ്തുതയാണ്. ഈ കഴിഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ്റെ ഭാര്യ സഹോദരനായ ശ്രീ ജോസ് കെ.മാണിയെ പാലായിൽ നിർത്തി അവർ പിന്നിൽ നിന്ന് കുത്തി.
ആയതിനാൽ ശ്രീ ജോസ് K മാണിയോട് ഒരു അപേക്ഷയെ ഉള്ളൂ. മൺമറഞ്ഞിട്ടും പിതാവായ മാണിസാറിനെ വേട്ടയാടുന്ന ഇടതു മുന്നണിയുടെ കെണിയിൽ നിന്ന് പുറത്തു വരണം. യുഡിഎഫിനൊപ്പം ചേർന്ന് മാണി സാറിന്‍റെ പൈതൃകം കാത്തു സൂക്ഷിക്കണം .
എന്ന് സ്നേഹത്തോടെ,
M.P ജോസഫ് IAS (മുൻ)
കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം