ശ്രീനാരായണ ഗുരു നടത്തിയ നാൽപ്പത്തൊന്നാമത്തെ ക്ഷേത്ര പ്രതിഷ്ഠയാണ് ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിലെ അക്ഷര പ്രതിഷ്ഠ. 1921 ഡിസംബർ8 വ്യാഴാഴ്ചയാണ് ശ്രീ നാരായണ ഗുരു അക്ഷര പ്രതിഷ്ഠ നടത്തിയത്. ആ ദിവസം വരെ കേരളത്തിൽ നിലനിന്നിരുന്ന പ്രതിഷ്ഠാ സങ്കല്പത്തെ മാറ്റിയെഴുതിയ ചരിത്ര സംഭവമാണ് ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിലെ അക്ഷര പ്രതിഷ്ഠ. ലോകചരിത്രത്തിൽ ആദ്യമായാണ് ഒരു ആരാധനാലയത്തിൽ ആരാധിക്കാനായി അക്ഷരത്തെ പ്രതിഷ്ഠയാക്കി മാറ്റിയത്. ശ്രീകാളകണ്ഠേശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് അന്നൊരു കാളീക്ഷേത്രമാണ് ഉണ്ടായിരുന്നത്. ജന്തുബലിയും കുരുതിയും ഉൾപ്പെടെയുള്ള അനാചാരങ്ങളാണ് ആ കാളീക്ഷേത്രത്തിൽ നടന്നിരുന്നത്. കായലിനടുത്തുള്ള ഗ്രാമമാണ് മുരുക്കുംപുഴ. മരങ്ങളാൽ ചുറ്റപ്പെട്ട കാളീക്ഷേത്രത്തിലെ അനാചാരങ്ങളും ബലി നടത്തുന്ന മൃഗങ്ങളുടെ നിലവിളിയും നാട്ടുകാർക്ക് ഭയമാണ് സൃഷ്ടിച്ചിരുന്നത്.
ശ്രീനാരായണ ഗുരു അരുവിപ്പുറം മുതൽ നടത്തി കൊണ്ടിരുന്ന ക്ഷേത്ര പ്രതിഷ്ഠകൾ അനാചാരങ്ങളെ എതിർക്കുന്ന പുരോഗമന ചിന്താഗതിക്കാർക്ക് ആവേശമായി മാറിയ സമയമായിരുന്നു. ആ ആവേശവുമായാണ് പാണൂർ കുടുംബവും ഞാറമൂട്ടിൽ ഗോവിന്ദനും ചേർന്ന് ഗുരുവിനെ കാണാൻ ചെന്നത്. കാളീപ്രതിഷ്ഠ മാറ്റി ശിവപ്രതിഷ്ഠ നടത്താനാണ് ഞാറമൂട്ടിൽ ഗോവിന്ദൻ ആഗ്രഹം പ്രകടിപ്പിച്ചത്. ദേവതാ സങ്കല്പത്തിന് മാറ്റം വരുത്തേണ്ട സമയമായി എന്നാണ് ഗുരു പറഞ്ഞത്. ഗുരുവിന്റെ നിർദ്ദേശ പ്രകാരം പഴയ കാളീ ക്ഷേത്രം പൊളിച്ചാണ് ശ്രീകാളകണ്ഠേശ്വരം ക്ഷേത്രം നിർമ്മിച്ചത്. പഞ്ചലോഹത്തിൽ നിർമ്മിച്ച വൃത്താകാരമായ ഒരു പ്രഭയാണ് 'അക്ഷര പ്രതിഷ്ഠ." ആ പ്രഭയുടെ നടുക്ക് 'ഓം" എന്നും ചുറ്റിനുമായി 'സത്യം, ധർമ്മം, ദയ, ശാന്തി" എന്നും എഴുതിയിട്ടുണ്ട്.
അറിവിനെ സ്നേഹിക്കുകയും മനുഷ്യപുരോഗതിക്ക് അറിവാണ് ആയുധമെന്നും അറിയിച്ചു കൊണ്ടിരുന്ന ശ്രീനാരായണ ഗുരു നടത്തിയ ആത്മീയ വിപ്ലവമാണ് അക്ഷര പ്രതിഷ്ഠ. ഈശ്വരൻ മനസിലാണുള്ളതെന്നും ഈശ്വരനും ആത്മാവും ഒന്നാണെന്നുമാണ് ഗുരു ഇവിടെ സ്ഥാപിക്കുന്നത്. ദൈവത്തെ ഏത് രൂപത്തിലും ആരാധിക്കാമെന്നും പ്രാർത്ഥിക്കാമെന്നും ഗുരു ലോകത്തിന് കാണിക്കുകയായിരുന്നു. പ്രതിഷ്ഠ നടത്തിയ ദിവസം മുതൽ എല്ലാവിഭാഗത്തിൽ പെട്ട വിശ്വാസികൾക്കും ശ്രീകാളകണ്ഠേശ്വരം ക്ഷേത്രത്തിനകത്ത് കയറാനും പ്രാർത്ഥിക്കാനും ഗുരു ഭാരവാഹികൾക്ക് നിർദ്ദേശം കൊടുത്തു. പാണൂർ കുടുംബം സംഭാവന ചെയ്ത ഭൂമിയിലാണ് ശ്രീകാളകണ്ഠേശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ചിറയിൻകീഴ് റോഡിൽ മുരുക്കുംപുഴയിലാണ് ശ്രീകാളകണ്ഠേശ്വരം ക്ഷേത്രമുള്ളത്. ഏഴു ദിവസം തുടർച്ചയായി ക്ഷേത്ര ദർശനം നടത്തി അക്ഷര പ്രതിഷ്ഠയെ തൊഴുത് പ്രാർത്ഥിച്ച് പരീക്ഷ എഴുതുന്നവർക്ക് വിജയമുണ്ടാകും എന്നാണ് വിശ്വാസം.
(ഗണേശോൽസവ ട്രസ്റ്റിന്റെ കാര്യദർശിയാണ് ലേഖകൻ: 9447010690)