മറ്റൊരിടത്തും ലഭ്യമല്ലാത്ത വിധം വിപുലമാണ് ആകാശവാണിയിലെ ചലച്ചിത്രഗാന ശേഖരം. ഗ്രാമഫോൺ റെക്കോഡുകളിലും കാസെറ്റുകളിലും സി.ഡികളിലുമായി സൂക്ഷിച്ചിരിക്കുന്ന ആ ഗാനശേഖരത്തെ കുറിച്ച്...
ഇരിഞ്ഞാലക്കുടയിലെ സർക്കാർ സ്കൂളിൽ പ്രൈമറി ക്ലാസിൽ പഠിക്കുന്ന കാലം. സ്കൂൾ വഴിയിലാണ് അയ്യങ്കാവ് മൈതാനം. ആ മൈതാനത്ത് ഒരിക്കൽ ഒരാഴ്ച നീണ്ട സൈക്കിൾ യജ്ഞം. യജ്ഞക്കാരൻ സൈക്കിളിൽ ചുറ്റുമ്പോൾ സായാഹ്നങ്ങളിൽ വേദിയിൽ കലാപരിപാടികളുണ്ട്. ആ വേദിയുടെ പിന്നിലാണ് ആദ്യമായി ഗ്രാമഫോൺ റെക്കോർഡുകൾ കണ്ടത്. ഓരോ റെക്കോർഡായി യന്ത്രത്തിൽ വച്ച് പാടിക്കാനും അവസാനിക്കുമ്പോൾ അടുത്തത് വയ്ക്കാനുമായി ഒരാൾ ഇരിക്കുന്നു. ഉദയാസ്റ്റുഡിയോയിൽ നിന്ന് വന്ന 'കടലമ്മ" എന്ന സിനിമയിലെ പാട്ടുകളാണ് അന്ന് കൂടുതൽ കേട്ടത്. 'മുക്കുവപ്പെണ്ണേ, ഞാനൊന്നടുത്തിരുന്നോട്ടെ..." എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരവുമുണ്ടായിരുന്നു. ഓരോ പ്രാവശ്യവും മുനി അടുത്തേക്ക് നീങ്ങുമ്പോൾ 'അയ്യയ്യേ, മുനി മാരിത്തരമാളുകളാണോ" എന്ന് ചോദിച്ച് കടത്തുകാരി ഒഴിഞ്ഞുമാറി വേദിയുടെ അറ്റത്തെത്തി നിലത്തു വീണതും കാണികൾ ആർത്തുചിരിച്ചതും ഓർമ്മയുണ്ട്.
രണ്ടുവർഷത്തിന് ശേഷമാണ് കുടുംബവീട്ടിൽ, അമ്മയുടെ അനിയന്റെ മുറിയിൽ മഞ്ഞപ്പട്ടിൽ പൊതിഞ്ഞ ആ അത്ഭുതം കണ്ടത്. ബാങ്കിലെ ഉദ്യോഗത്തിൽ നിന്ന് ശമ്പളം ലഭിച്ചു തുടങ്ങിയപ്പോൾ ആദ്യമായി വാങ്ങിയ വിലപ്പെട്ട ഗ്രാമഫോണായിരുന്നു അത്.
തകഴിയുടെ ' ചെമ്മീൻ" രാമുകാര്യാട്ട് അഭ്രത്തിലാക്കി തങ്കപ്പതക്കം നേടി തിയേറ്രറുകളിലെത്തിയ സന്ദർഭമായിരുന്നു അത്. അമ്മാവൻ വാങ്ങിയ ആദ്യത്തെ ഗ്രാമഫോൺ റെക്കോർഡുകൾ ചെമ്മീനിന്റേതായിരുന്നു. മാനസമൈനയും, പെണ്ണാളേയും വീട്ടിൽ ഉച്ചത്തിൽ കേട്ടു. റെക്കോർഡിന്റെ ഓരോ പുറത്തും ഓരോ പാട്ടുണ്ടാവും എന്ന് മനസിലാക്കിയതും പാട്ടിൽ തൊട്ടുനോക്കിയതും അന്നാണ്. 'പെണ്ണാളേ..."എന്ന പാട്ടുമാത്രം റെക്കോർഡിന്റെ രണ്ടുവശത്തുമായി നീണ്ടുകിടക്കുന്നതും കണ്ടു.
കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആകാശവാണിയിൽ താത്ക്കാലിക അനൗൺസർ ആയപ്പോഴാണ് ഗ്രാമഫോണും റെക്കോർഡുകളും കൈകാര്യം ചെയ്യാൻ അവസരം കിട്ടിയത്. ചലച്ചിത്രഗാനം അനൗൺസ് ചെയ്ത്, പാട്ട് പ്ലേ ചെയ്യുന്നത് അനൗൺസർ തന്നെയാണ് പണ്ടും ഇന്നും. പലരും കരുതുന്നതുപോലെ സാങ്കേതിക വിഭാഗക്കാരല്ല. അപ്പോഴേക്ക് 78, 33, 45 എന്നീ മൂന്ന് വേഗതകളിൽ കറങ്ങുന്ന റെക്കോർഡുകൾ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ഗ്രാമഫോണിൽ സ്പീഡ് സെറ്റ് ചെയ്തു വച്ചിട്ടാണ് റെക്കോർഡിടേണ്ടത്. ആ സെറ്റിംഗ് പിഴച്ചാൽ പാട്ട് മറ്റൊരു ശബ്ദത്തിലോ ഇഴഞ്ഞോ ഓഡിയോ കേൾക്കും. എത്ര സൂക്ഷിച്ചാലും നോബ് വലിച്ചിടുമ്പോൾ പാളിപ്പോകാം. പലപ്പോഴും അനൗൺസർമാർക്കത് സംഭവിച്ചിട്ടുണ്ട്. മറ്റൊരു പേടിസ്വപ്നം രണ്ടുപുറവുമുള്ള നീണ്ട പാട്ടുകളായിരുന്നു. ' അകലെയകലെ", 'ചിന്നും വെൺതാരത്തിൽ", 'കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും" തുടങ്ങിയ അനവധി ഗാനങ്ങൾ ഇരുപുറങ്ങളായിരുന്നു. ഒരുവശം അവസാനിക്കുമ്പോൾ ഒട്ടും താമസം വരാതെ റെക്കോർഡ് മറിച്ചുവച്ച് സൂചികൃത്യമായി തുടക്കത്തിൽവച്ച് പ്ലേ ചെയ്യണം. ഈ പ്രക്രിയയുടെ ഇടവേള ശ്രോതാവിന് അനുഭവപ്പെടാൻ പാടില്ല എന്നതാണ് നിയമം. പലരും ഉപയോഗിക്കുന്നതുകൊണ്ട് ആകാശവാണിയിലെ ഗ്രാമഫോൺ റെക്കോർഡുകളിൽ പോറൽ വീഴാറുണ്ട്. ചിലപ്പോൾ വക്ക് പൊട്ടുകയും എവിടെയെങ്കിലും പോറലുണ്ടായാൽ സൂചി അവിടെ തട്ടിനിൽക്കും. ആ വാക്ക് തുടർച്ചയായി കേൾപ്പിച്ചുകൊണ്ടിരിക്കും. ഈ ആവർത്തനചാലിൽപെട്ടാൽ അനൗൺസർ സൂചി അതിനപ്പുറത്തേക്ക് നീക്കിവച്ചുകൊടുക്കണം. പിന്നീട് അവിടെ സ്ഥിരനിയമനം കിട്ടിയപ്പോൾ ഡ്യൂട്ടി ഓഫീസർ എന്ന പേരിൽ പ്രക്ഷേപണത്തിന്റെ ഷിഫ്റ്റ് - ഇൻ- ചാർജായാണ് നിയോഗിക്കപ്പെട്ടത്. അപ്പോഴും ടേപ്പുകളും ഗ്രാമഫോൺ റെക്കോർഡുകളും നിറഞ്ഞതായി ലോകം.
ഒരു അനൗൺസറുടെ കൈയിൽ നിന്ന് വഴുതിമാറി 'കരുണ" എന്ന സിനിമയിലെ 'വാർതിങ്കൾ തോണിയേറി" എന്ന അതീവഹൃദ്യമായ ഗാനത്തിന്റെ റെക്കോർഡ് നിലത്തുവീണ് പൊട്ടിയത് കൺമുന്നിലാണ്. ഇനി ആ ഗാനം കേൾക്കാനോ കേൾപ്പിക്കാനോ കഴിയില്ലല്ലോ എന്ന നൊമ്പരം ഏറെക്കാലം ഒപ്പമുണ്ടായിരുന്നു. ഭാഗ്യത്തിന് കമ്പനിയിൽ നിന്ന് ആ റെക്കോർഡിന്റെ മറ്റൊരു കോപ്പികിട്ടി. വർഷങ്ങൾക്കുശേഷം റെക്കോർഡുകൾക്ക് പകരം കാസെറ്റുകളായി. കാസെറ്റ് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യാൻ കഴിയുകയില്ല. അതുകൊണ്ട് അവ സ്കൂൾ ടേപ്പിലേക്ക് പകർത്തി. ആ പകർത്തപ്പെടലിൽ ശബ്ദലേഖനശുദ്ധി നഷ്ടപ്പെടുമായിരുന്നു. കാസെറ്റുകൾക്ക് ശേഷം സി.ഡികളും വരവായി. ഏറെ പഴയഗാനങ്ങൾ സി.ഡിയിലും ലഭിച്ചു തുടങ്ങി. പ്രക്ഷേപണം ഡിജിറ്റലായതോടെ സിനിമാഗാനങ്ങൾ കമ്പ്യൂട്ടറിൽ കയറ്റി ഒറ്റ ക്ലിക്കിൽ പാട്ട് കണ്ടെത്തി പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനമായി. കുറേക്കാലം തിരുവനന്തപുരം ആകാശവാണിയിലെ ലൈബ്രറിയുടെ ചുമതലക്കാരനാവാൻ കഴിഞ്ഞിട്ടുണ്ട്. ലൈബ്രറിയെന്നാൽ ടേപ്പും റെക്കാർഡുകളും
നിറഞ്ഞ മായാപ്രപഞ്ചം. യഥാർത്ഥത്തിൽ ലൈബ്രേറിയന്മാരാണ് അതിന്റെ നടത്തിപ്പുകാർ. എങ്കിലും ഒരു പ്രോഗ്രാം എക്സിക്യൂട്ടീവിന് ചാർജ് ഉണ്ടാവും. അങ്ങനെയാണ് ആ ഭാഗ്യം എനിക്ക് കിട്ടിയത്. അന്ന് വയലാറിന്റെ ചലച്ചിത്രഗാനത്തിലെ വരിപോലെ ' ഒരു കോടി ദ്വീപുകളുടെ അധിപനാ"യതായി തോന്നി. അങ്ങനെ, തൊട്ടുനോക്കാൻ കൊതിച്ച ഗ്രാമഫോൺ പാട്ടുകളുടെ ലോകത്ത് സഞ്ചരിക്കാൻ, നെഞ്ചോട് ചേർക്കാൻ കഴിഞ്ഞു. എല്ലാ പാട്ടും വിരൽത്തുമ്പിൽ...ഇന്ന് ആകാശവാണിയിൽ ഗ്രാമഫോൺ പ്രവർത്തിപ്പിക്കുന്നില്ല. ഉണ്ടായിരുന്നവയെല്ലാം കാലഹരണപ്പെട്ടു. പാട്ടിന്റെ ചാലിലൂടെ ഒഴുകേണ്ട ഗ്രാമഫോൺ സൂചി കിട്ടാനില്ല. മറ്റൊരിടത്തും ലഭ്യമല്ലാത്തവിധം വിപുലമാണ് ചലച്ചിത്രഗാനങ്ങളുടെ ആകാശവാണിയിലെ ശേഖരം. മിക്കവാറും എല്ലാ സിനിമകളിലെയും ഗാനങ്ങൾ ഇന്നും അവിടെയുണ്ട്. പക്ഷേ, ഗ്രാമഫോൺ റെക്കോർഡിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് പകർത്താൻവിട്ടുപോയ ധാരാളം ഗാനങ്ങൾ ബാക്കിയുണ്ട്. ടേപ്പായോ സി.ഡിയായോ ഒന്നും പുറത്തുവന്നിട്ടില്ലാത്ത ഗാനങ്ങൾ. ആ അപൂർവ ശ്രവ്യസൗഭാഗ്യങ്ങൾ പകർത്തപ്പെടാനാവാതെ, കേൾപ്പിക്കാനാവാതെ, സിനിമയുടെ പ്രിന്റുകൾ പോലും അപ്രത്യക്ഷമായ ഗാനങ്ങളും അക്കൂട്ടത്തിലുണ്ട്. യൂ ട്യൂബ് പോലുള്ള വേദികളിലൊന്നും പ്രത്യക്ഷപ്പെടാത്ത പാട്ടുകൾ. ഗ്രാമഫോണിനായും ഇഴയുന്ന സൂചിക്കായും കാത്തിരിക്കുന്ന പാട്ടുകൾ. ഭക്തിവിലാസമെന്ന ആകാശവാണി മന്ദിരത്തിലെ ശീതീകരിച്ച ലൈബ്രറിയിൽ !
(ലേഖകന്റെ ഫോൺ: 9400570067)