പ്രശസ്ത സാഹിത്യകാരനും ശാസ്ത്ര ലേഖകനും മാദ്ധ്യമ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ സി. രാധാകൃഷ്ണൻ പറയുന്നു, തന്റെ ഒന്നാമത്തേതു മുതൽ ഏറ്റവും ഒടുവിലത്തേതുവരെയുള്ള എല്ലാ കൃതികളും ഉത്ബോധിപ്പിക്കുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വമാണെന്ന്. ശരിയാണ്, ഭൗതികശാസ്ത്രജ്ഞനായിരുന്ന എഴുത്തുകാരൻ, മനുഷ്യന്റെ പ്രകൃതമാണ് പ്രകൃതിയെന്ന ഉൾക്കാഴ്ചയാണ് തന്റെ എല്ലാ നോവലുകൾക്കും പശ്ചാത്തലമാക്കിയിരിക്കുന്നത്. ദാർശനിക ദുരൂഹതകൾ ഒട്ടുമില്ലാതെ എഴുതിയ 'പുഴ മുതൽ പുഴ വരെ"യും, 'എല്ലാം മായ്ക്കുന്ന കടലും", 'മുൻപേ പറക്കുന്ന പക്ഷികളും",'സ്പന്ദമാപിനികളേ നന്ദിയും" വരച്ചു കാട്ടുന്നത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും കഴിയുന്ന സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതങ്ങളാണ്. പാരിസ്ഥിതിക മൂല്യങ്ങളും, പ്രാദേശിക സംസ്കൃതിയും രാധാകൃഷ്ണന്റെ രചനകളുടെ സ്ഥാവരമായ മുഖമുദ്രകളാണ്. എൺപത്തിരണ്ടിന്റെ ശരീരാസ്വാസ്ഥ്യങ്ങൾക്കിടയിലും തന്റെ പുതിയ പുസ്തക രചനയുടെ തിരക്കുകൾക്കിടയിലും മഹാമാരിയിൽ നീന്തിത്തുടിക്കുന്ന മനുഷ്യരെയോർത്ത് വേവലാതിപ്പെടുകയാണ് 'കരൾ പിളരും കാലം" എഴുതിയ കഥാകാരൻ. അഭിമുഖത്തിൽ നിന്ന്:
ഫലമില്ലായ്മയുടെ ഫലങ്ങൾ
ഇരുപത്തിരണ്ടാം വയസിൽ ഞാനെഴുതിയ ആദ്യ നോവൽ, 'നിഴൽപ്പാടുകൾ" (1962ലെ മികച്ച മലയാള കൃതിക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ച പുസ്തകം) മുതൽ ഞാൻ എന്റെ എല്ലാ കഥകളിലും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം പ്രകൃതിയോട് ചേർന്നുനിന്ന് ജീവിച്ചു പോകുകയെന്നാണ്. അതാണ് സന്തോഷം, അതാണ് ക്ഷേമം, അതാണ് രക്ഷ എന്നാണ്. എത്രത്തോളം ഫലമുണ്ടായി എന്നെനിയ്ക്ക് അറിയില്ല. ഫലമില്ലായ്മയുടെ ഫലങ്ങൾ നാമെല്ലാവരും കൂടി ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വൈകിയെങ്കിലും ഒരു തിരുത്തലിന് നാം തയ്യാറാകണമെന്നാണ് എന്റെ പ്രാർത്ഥന. ഹിറ്റ്ലറുടെ ജർമനിയിൽ ഒരു കഥയുണ്ട്. പട്ടാളക്കാർ വന്ന് ഓരോ ആളുകളെ ദണ്ഡനമുറകൾക്കായി തടങ്കൽപ്പാളയങ്ങളിലേക്ക് പിടിച്ചു കൊണ്ടുപോകുമ്പോഴും അടുത്ത വീട്ടിലെ ആൾ വിചാരിച്ചു തന്നെ കൊണ്ടുപോകില്ലെന്ന്. ഏതു മഹാമാരിയെക്കുറിച്ചും നമുക്കുണ്ടാകാവുന്ന അൽപ്പബുദ്ധിയാണ് ഇപ്പറഞ്ഞത്. അടുത്ത വീട്ടുകാരൻ രോഗബാധിതനാകുമ്പോൾ, മരിച്ചു പോകുമ്പോൾ, നമ്മൾ കരുതും നമ്മൾ അജയ്യരാണ്, നമ്മളെ ഇതൊന്നും ബാധിക്കില്ലെന്ന്. ദുരന്തം നമ്മെ തേടിയെത്തുമ്പോൾ മാത്രമേ നാം ഇതെല്ലാം തിരിച്ചറിയുന്നുള്ളൂ. മഹാമാരിയിൽ ആയിരത്തിലൊരാൾ മാത്രമേ മരിച്ചുപോകുന്നുള്ളൂവെന്നത് ആശ്വാസകരമായ ഒരു കാര്യമായി നാം കരുതുന്നു. ആ ആയിരത്തിലൊരാൾ താനാകില്ലെന്നും, ഇത് തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നും, കണക്കു കൂട്ടി, കണക്കു കൂട്ടി, ഓരോരുത്തരുമിരിക്കുന്നു. ഇപ്പറഞ്ഞ അടിസ്ഥാനമില്ലാത്ത ആത്മസംതൃപ്തിയാണ് ഈ വിപത്ത് ഇത്രയേറെ മനുഷ്യരുടെ ജീവൻ കവർന്നെടുക്കാൻ കാരണമായത്.ഒന്ന് ആലോചിച്ചു നോക്കൂ, നിർദ്ദേശിക്കപ്പെട്ട പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചുകൊണ്ട്, ഒരു പതിനഞ്ചു ദിവസമെങ്കിലും എല്ലാ മനുഷ്യരും താന്താങ്ങളുടെ ഇടത്ത് ഒതുങ്ങിക്കഴിയാൻ തയ്യാറായിരുന്നുവെങ്കിൽ, തീർത്തും ഇല്ലായ്മ ചെയ്യാൻ കഴിയുമായിരുന്ന ഒരു വ്യാധിയാണ് ഇന്ന് മനുഷ്യ വംശത്തിനു തന്നെ മഹാഹാനിയായി മാറിയിരിക്കുന്നത്. ഇത്തിരി ദിവസക്കാലം സമ്പർക്കങ്ങൾ ഒഴിവാക്കാൻ കഴിയാത്തതാണ് നമ്മുടെ പരാജയകാരണമെന്ന് വ്യക്തം. ഒരുമയില്ലാത്ത ജീവിയെന്ന് മനുഷ്യനെ വിശേഷിപ്പിക്കാമെന്ന് സാരം.
അർത്ഥമില്ലാതാകുന്ന ജീവിതം
ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ എഴുതിയതിനു ശേഷം, രണ്ടു കൈകളും തലയിൽവച്ച് വേദവ്യാസൻ നിലവിളിച്ച ഒരു കഥയുണ്ട്. ഇത്രയുമൊക്കെ എഴുതിയിട്ടും ഇതല്ലേ ലോകത്തിന്റെ അവസ്ഥയെന്ന് അദ്ദേഹം വിലപിച്ചു. എല്ലാ എഴുത്തുകാരും അവരുടെ ജീവിതാന്ത്യത്തിൽ അങ്ങനെയൊരു നിലവിളിയാണ് കൂട്ടിക്കൊണ്ടിരിക്കുന്നത്. ലോകം മാറുവോളം ഈ നിലവിളി ഉയരും എന്നത് തീർച്ചയാണ്. മനുഷ്യനും മനുഷ്യനും തമ്മിൽ ബന്ധമില്ലാതാകുന്ന ഈ കാലത്ത്, ജീവിതത്തിന് തന്നെ അർത്ഥമില്ലാതായിത്തീരുന്നു എന്ന നേര് നാം ഇപ്പോൾ മനസിലാക്കിക്കൊണ്ടിരിക്കുന്നു. ആരുടെ കയ്യിലും പണമില്ല, ആരോടും ചോദിക്കാനുമില്ല, എങ്ങും പോകാനുമില്ല, പട്ടിണി കിടക്കാനും വയ്യ എന്നിങ്ങിനെയുള്ള ദുരിതങ്ങൾ അനുഭവിക്കുന്ന ഒട്ടനവധി മനുഷ്യർ നമ്മുടെ നാട്ടിലുണ്ട്.
പ്രവർത്തിക്കേണ്ട സമയം
ഈ മഹാദുരന്തത്തിൽ നിന്ന് കരകയറാനുള്ള മാർഗം, ഇനിയെങ്കിലും എല്ലാവരും നിബന്ധനകൾ കർശനമായി പാലിച്ച്, ഈ രോഗത്തെ പരാജയപ്പെടുത്തുക എന്നതാണ്. സകലരും കർമ്മോദ്യുക്തരായി പ്രവർത്തിക്കേണ്ട സമയമാണിത്. തത്വശാസ്ത്രം പറഞ്ഞിരിക്കേണ്ട നേരമാണിതെന്ന് എനിക്ക് തോന്നുന്നില്ല. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ, കർമ്മഭൂമിയിലിറങ്ങി, ഈ കളി ജയിക്കാനുള്ള വീര്യം ഉൾക്കൊണ്ടുകൊണ്ട്, ഇടപെടുകയാണ് വേണ്ടത്. ഭീതിയാലോ, സ്വാർത്ഥ കാരണങ്ങളാലോ മാറിനിൽക്കുകയുമരുത്. സജീവമായ ഇടപെടലുകളും, ആത്മാർത്ഥമായ സഹകരണവുമാണ് പകർച്ചവ്യാധിയെ ഉന്മൂലനം ചെയ്യുവാൻ അനിവാര്യമായത്.
മഹാമാരി നിർമ്മാർജ്ജനത്തിന് തനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ഓരോരുത്തരും സ്വയം പരിശോധിക്കുകയും, സാദ്ധ്യമായതെല്ലാം നിരുപാധികം, നിസംശയം ചെയ്തു തീർക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യം, മറ്റൊന്നുമല്ല!
പുരസ്കാരങ്ങൾ / സിനിമകൾ
ഭാഷാപിതാവ്, തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത കഥ പറയുന്ന 'തീക്കടൽ കടഞ്ഞ് തിരുമധുരം", 2013ൽ, ഭാരതീയ ജ്ഞാനപീഠ സമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരത്തിന് അർഹമായി. സമഗ്ര സംഭാവന പരിഗണിച്ച്, എഴുത്തുകാരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ സമ്മാനമായ എഴുത്തച്ഛൻ പുരസ്കാരം, 2016ൽ രാധാകൃഷ്ണൻ കരസ്ഥമാക്കി. 'സ്പന്ദമാപിനികളേ നന്ദി" കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം (1989) നേടിയപ്പോൾ, 'മുൻപേ പറക്കുന്ന പക്ഷികൾ" വയലാർ പുരസ്കാരവുമായെത്തി (1990). മഹാകവി ജി പുരസ്കരം നേടിയ (1993) കൃതിയാണ് 'വേർപാടുകളുടെ വിരൽപ്പാടുകൾ". രാധാകൃഷ്ണന്റെ അറുപതിലേറെയുള്ള പുസ്തകങ്ങളിൽ മിക്കവയും ഏതെങ്കിലുമൊരു വിശിഷ്ടമായ അംഗീകാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകൾ, പ്രിയ, തുലാവർഷം, പാൽക്കടൽ, പിൻനിലാവ് മുതലായവ രാധാകൃഷ്ണൻ സംവിധാനം ചെയ്തതോ, തിരക്കഥ എഴുതിയതോ ആയ ചലച്ചിത്രങ്ങളാണ്.
പുഴയുടെ പ്രത്യുപകാരം
മലപ്പുറം ജില്ലയിലെ ചമ്രവട്ടമാണ് രാധാകൃഷ്ണന്റെ ജന്മസ്ഥലം. നിരവധി സാഹിത്യകാരന്മാരുടെ പ്രചോദന സ്രോതസായ നിളാനദി, അറബിക്കടലിൽ പതിക്കുന്നതിനു തൊട്ടുമുന്നെയുള്ള, പൊന്നാനിയിലെ അഴിപ്രദേശമാണിത്. രാധാകൃഷ്ണന്റെ രചനകളിൽ, പുഴയും, കടലും, തീരദേശത്തെ സാധാരണ മനുഷ്യരും സമൃദ്ധിയിൽ സ്ഥാനം പിടിച്ചത് അതിനാൽ സ്വാഭാവികം. 2018ലും, 19ലും ഇരമ്പിയെത്തിയ പ്രളയജലം കടലിന് സ്വീകരിക്കാൻ കഴിയാതെ വന്നപ്പോൾ, ഭാരതപ്പുഴ കര കവിഞ്ഞൊഴുകി, ഇരുതീരങ്ങളിലുമുള്ളതെല്ലാം മുക്കിക്കളഞ്ഞു. എന്നാൽ, പുഴസംസ്കൃതി ഉള്ളിലേക്കാവാഹിച്ച എഴുത്തുകാരന്റെ വസതി മാത്രം വിഘ്നമൊന്നുമില്ലാതെ നിള കാത്തുസൂക്ഷിച്ചത് പ്രളയകാലത്തെ ഉദ്വേഗജനകമായ പ്രാദേശിക വാർത്തയായിരുന്നു!