india-covid

ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന്റെ ശക്തി കുറയുന്നു. 34,703 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോ‌ർട്ട് ചെയ്‌തത്. കഴിഞ്ഞ 111 ദിവസങ്ങൾക്കിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3.06 കോടിയാണ്. രാജ്യത്തെ ആക്‌ടീവ് കേസ് ലോഡ് കുറഞ്ഞ് 4,64,357 ആയി. രോഗമുക്തി നിരക്ക് ഉയർന്ന് 97.17 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസുകൾ കേരളത്തിലാണ് 8037. പിന്നിൽ മഹാരാഷ്‌ട്ര 6740, മൂന്നാമതായി 3715 കേസുകളുള‌ള തമിഴ്‌നാടാണ്. 553 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോ‌ർട്ട് ചെയ്‌തത്. ഇതോടെ ആകെ മരണമടഞ്ഞവർ 4,03,281 ആയി. 2.97 കോടി ആണ് രോഗമുക്തി നേടിയവർ. പ്രതിദിന പോസി‌റ്റിവിറ്റി നിരക്ക് 2.11 ആണ്. മറ്റ് മിക്ക രാജ്യങ്ങളെക്കാളും അതിവേഗത്തിലാണ് രാജ്യത്തെ കൊവിഡ് മുക്തിനിരക്കെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.