roshi-augustine

​​കോട്ടയം/തിരുവനന്തപുരം: കെ എം മാണിയെ കുറിച്ച് കേരളത്തിനും പൊതുസമൂഹത്തിനും ബോദ്ധ്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാർട്ടി നിലപാട് സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പറയും. നിങ്ങൾ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുടെ മുന്നിൽ പൊട്ടിത്തെറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

അതേസമയം, കെ എം മാണി അഴിമതിക്കാരനാണെന്ന സർക്കാർ സത്യവാങ്മൂലത്തെ കുറിച്ചുളള ചോദ്യങ്ങൾക്ക് മുന്നിൽ പ്രതികരിക്കാതെ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ ഒഴിഞ്ഞുമാറി. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയാൻ പറ്റില്ലെന്നാണ് വിജയരാഘവൻ പറഞ്ഞത്. വിഷയം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അറിയിക്കേണ്ടവരെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും പാർട്ടി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കാണുമെന്നും ജോസ് കെ മാണിയും പ്രതികരിച്ചു. സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നാണ് കേരള കോൺഗ്രസ് ആവശ്യമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിലടക്കം വലിയ പരാതിയും വിയോജിപ്പും എല്‍ ഡി എഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെ എം മാണിയെ തൊട്ടപ്പോള്‍ വിഷമവൃത്തത്തിലായിരിക്കുകയാണ്. സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴി ചാരുന്നതെങ്കിലും എല്‍ ഡി എഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെ എം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടിനെ യു ഡി എഫ് ഇതിനോടകം രാഷ്‌ട്രീയ ആയുധമാക്കി കഴിഞ്ഞു.