modi

ന്യൂഡൽഹി: മന്ത്രിസഭാ പുനസംഘടന ഉടൻ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് പാ‌ർട്ടിയിലെ ഉന്നത നേതാക്കന്മാരായി ചർച്ച നടത്തും. ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ മന്ത്രിസഭയിലെ തന്നെ മുതിർന്ന മന്ത്രിമാരും ബി ജെ പി അദ്ധ്യക്ഷൻ ജെ പി നഡ്ഡയും പങ്കെടുക്കും. അമിത് ഷാ, രാജ്നാഥ് സിംഗ്, നിർമലാ സീതാരാമൻ, ധർമ്മേന്ദ്ര പ്രധാൻ, പ്രഹ്ളാദ് ജോഷി, പീയുഷ് ഗോയൽ, നരേന്ദ്ര സിംഗ് ടോമർ എന്നിവരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച അമിത് ഷാ, ബി ജെ പി ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി ദീർഘമായ ഒരു യോഗം മോദി നടത്തിയിരുന്നു. മന്ത്രിസഭാ വികസനത്തെകുറിച്ചുള്ള ഏകദേശ ധാരണ ഈ യോഗത്തിൽ വച്ചു തന്നെ എടുത്തുകഴിഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് വെള്ളിയാഴ്ച തന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തിയേക്കാം. എന്നാൽ ഔദ്യോഗികമായ അറിയിപ്പ് ഇത് സംബന്ധിച്ച് ഇതു വരെ വന്നിട്ടില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് ഉന്നത നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയത്. നിലവിൽ 53 അംഗങ്ങളുള്ള മന്ത്രിസഭയിൽ 81 പേരെ വരെ ഉൾക്കൊള്ളിക്കുവാൻ സാധിക്കും. സർബാനന്ദ സോണോവാൽ, ജ്യോതിരാദിത്യ സിന്ധ്യ, സുഷീൽ മോദി എന്നിവർ കേന്ദ്ര മന്ത്രിസഭയിൽ എത്താൻ സാദ്ധ്യത ഉണ്ട്. നിലവിൽ എൻ ഡി എ സഖ്യകക്ഷികളിൽ റിപ്പബ്ളിക്കൻ പാർട്ടി നേതാവ് രാംദാസ് അത്താവാലെ മാത്രമാണ് മന്ത്രിസഭയിൽ അംഗമായിട്ടുള്ളത്. കൂടുതൽ സഖ്യകക്ഷികളെ മന്ത്രിസഭയിൽ ഇത്തവണ ഉൾപ്പെടുത്തുമോ എന്നതും കണ്ടറിയണം.