കാബൂൾ: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടർന്ന് അഫ്‌ഗാനിസ്ഥാനിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന താലിബാൻ ഭീകരരെ ചെറുക്കാൻ സ്ത്രീകൾ രംഗത്ത്. ഏറക്കുറെ താലിബാൻ പിടിച്ചടക്കിയ ഘോർ പ്രവിശ്യയിലെ സ്ത്രീകളാണ് ആയുധമെടുക്കുന്നത്.
അത്യന്താധുനിക യന്ത്രതോക്കുകളും റോക്കറ്റ് ലോഞ്ചറുകളും വരെ ഉപയോഗിക്കാനുള്ള പരിശീലനമാണ് ഇവർ നേടുന്നത്. പരിശീനം പൂർത്തിയാക്കിയ നിരവധിപേർ യുദ്ധമുന്നണിയിലുണ്ട്. താലിബാനെ തുരത്താൻ അവസാന ശ്വാസം വരെ പോരാടാനാണ് തീരുമാനം. ഇവർക്ക് പൂർണ പിന്തുണയുമായി ഭരണകൂടവും രംഗത്തുണ്ട്. സൈന്യത്തിന് കഴിയാത്തത് തങ്ങൾക്ക് കഴിയുമെന്ന ഉത്തമവിശ്വാസമാണ് സ്ത്രീകൾക്കുള്ളത്.
താലിബാൻ ഭരണകാലത്ത് തങ്ങൾ അനുഭവിക്കേണ്ടി വന്ന ഇരുണ്ട കാലഘട്ടം ഇനിയുണ്ടാവാതിരിക്കാനാണ് സ്ത്രീകൾ ആയുധമെടുക്കുന്നത്. സത്രീകൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതിനുപോലും അനുവാദമുണ്ടായിരുന്നില്ല. താലിബാൻ നിയമങ്ങൾ ലംഘിച്ചാൽ അവയവങ്ങൾ മുറിച്ചുമാറ്റുന്നതുൾപ്പടെ കടുത്ത ശിക്ഷകൾക്ക് വിധേയമാക്കുമായിരുന്നു.
ഘോർ പ്രവിശ്യയിൽ താലിബാനെതിരെ സ്ത്രീകൾ ആയുധമെടുക്കുന്നത് ആദ്യ സംഭവമല്ല. 2020 ൽ വീട്ടിൽ കയറി തന്റെ മാതാപിതാക്കൾ ഉൾപ്പടെയുള്ള ബന്ധുക്കളെ വെടിവച്ച് കൊലപ്പെടുത്തിയ രണ്ട് താലിബാൻ ഭീകരരെ പിതാവിന്റെ തോക്കുപയോഗിച്ച് വാതിലിന്റെ വിടവിലൂടെ വെടിവച്ചുകൊന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനെത്തുടർന്ന് നിരവധി സ്ത്രീകൾ താലിബാനെതിരെ ആയുധമെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നിരുന്നു.
അമേരിക്കൻ സൈന്യം പിന്മാറിത്തുടങ്ങിയതോടെ നിരവധി പ്രവിശ്യകളുടെ ഭരണം താലിബാൻ
പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ചിലിയിടങ്ങളിൽ രൂക്ഷ യുദ്ധം നടക്കുകയാണ്. പിടിച്ചുനിൽക്കാനാവാതെ സർക്കാർ സൈന്യം ആയുധമുപേക്ഷിച്ച് ഓടുകയോ താലിബാന് കീഴടങ്ങുകയോ ചെയ്യുന്നുണ്ട്.