മണൽത്തിട്ടയിൽ
പാതിമറഞ്ഞൊരു ദേഹം
ആകാശം നോക്കിക്കിടന്നു...
ഞാൻ ഭയന്ന സ്വർഗം ഇതൊന്നുമല്ല,
ഞാൻ കൊതിച്ച നരകം ഇതേയല്ല!
കള്ളിമുൾത്തണൽ മറഞ്ഞ തീക്കണ്ണുകൾ ചീറി:
എന്റെ വളഞ്ഞുകൂർത്ത കൊക്കു നനയ്ക്കാനുള്ള
ചോര ഇതിലില്ല.
മണ്ണാഴങ്ങളിൽ നുരഞ്ഞ ജൈവജാലം
അടരുകൾ ചികഞ്ഞു:
ഞങ്ങളുടെ വിശപ്പിനുള്ള മാംസമെവിടെ?
അങ്ങേക്കരയിലെ ചിത വിഴുങ്ങിയ തീനാവുകൾ
കൊതിയാർന്നു മുരണ്ടു:
ആ ശരീരം ഞങ്ങൾക്കു തന്നേക്കൂ.
മരണക്കാറ്റൂതിയ സൂക്ഷ്മാണു പുളച്ചു:
ഇല്ല, എന്റെ ദാഹം തീരുന്നില്ല,
എന്റെ ദാഹം തീരുന്നതേയില്ല!