pak

ലാഹോർ: ജമാത്ത് ഉദ് ദവ തലവൻ ഹാഫിസ് സയിദിന്റെ ലാഹോറിലെ വീടിനുമുന്നിലുണ്ടായ സ്‌ഫോടനത്തിൽ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ രാഷ്‌ട്രപതിയും. മുൻപ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും, പാക് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

ജൂൺ 23നുണ്ടായ ബോബ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യ പിന്തുണ നൽകുന്ന ഭീകരരാണെന്നാണ് പാക് പ്രസിഡന്റ് ആരിഫ് ആൽവി വാദിക്കുന്നത്. അഫ്ഗാൻ മണ്ണിനെ പാകിസ്ഥാനെതിരായി തീവ്രവാദികൾക്ക് പരിശീലനത്തിനും സാമ്പത്തിക സഹായത്തിനുമായി ഇന്ത്യ ഉപയോഗിക്കുന്നു എന്നാണ് ആരിഫ് ആൽവിയുടെ വാദം.

ലാഹോർ സ്ഫോടനത്തിന് പിന്നിലെ ആസൂത്രണവും സാമ്പത്തിക സഹായവും ഇന്ത്യയുടെയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആഗോള തലത്തിൽ ഈ ശ്രമം തള‌ളിക്കളയണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാഫിസ് സയിദിനെ കുറിച്ച് ഒരു വാക്കും ഇമ്രാൻ പറഞ്ഞിരുന്നില്ല, മാത്രമല്ല ഇന്ത്യക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനുള‌ള തെളിവും ഇമ്രാൻ പുറത്തുവിട്ടില്ല.

ലാഹോർ സ്ഫോടനത്തിനുള‌ള സ്ഫോടക വസ്‌തുക്കൾ സംഘടിപ്പിച്ചത് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമാണെന്നായിരുന്നു പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്റെ വാദം. ഇതിന് പിന്നിൽ പ്രവ‌ർത്തിച്ചയാൾ ഒരു ഇന്ത്യൻ പൗരനായിരുന്നുവെന്നും റോയ്‌ക്ക് വേണ്ടിയാണ് അയാൾ ജോലി നോക്കിയതെന്നുമാണ് പാക് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ആരോപിച്ചത്.

തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്‌ത കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഭീകരൻ ഹാഫിസ് സയിദ് മുംബയ് ഭീകരാക്രമണത്തിൽ മുഖ്യ സൂത്രധാരനാണ്.