ന്യൂഡൽഹി: ദൃശ്യം സിനിമയിലേത് പോലെ വ്യാജ വധശ്രമം ആസൂത്രണം ചെയ്‌ത കൊലക്കേസ് പ്രതി പിടിയിൽ. കുറ്റകൃത്യത്തിൽ പങ്കുളള രണ്ട്പേർക്കായി തിരച്ചിൽ നടത്തി പൊലീസ്. ഡൽഹി സ്വദേശിയായ അമർ പാൽ ആണ് വ്യാജ വധശ്രമം നടത്തിയതിന് പിന്നിൽ. ഇയാൾ അയൽവാസിയായ ഓംബിറിന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു.
ഓംബിറിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന അമർ പാൽ ഇവരെ കുടുക്കാൻ തന്റെ ബന്ധുക്കളുമൊത്ത് ഗൂഢാലോചന നടത്തി. ദൃശ്യം സിനിമ കണ്ട ഇയാൾ സിനിമയിൽ കാണിക്കുന്നതുപോലെ വെടിവയ്‌പും വധശ്രമവും നടത്താൻ സഹോദരനായ ഗുഡ്‌ഡു, ബന്ധു അനിൽ എന്നിവരോടൊപ്പം പദ്ധതിയിട്ടു.
സിനിമയിൽ സാക്ഷികളെ അനുകൂലമാക്കാൻ ചെയ്യുന്നതുപോലെ തനിക്ക് ഓംബിറിൽ നിന്നും കുടുംബത്തിൽ നിന്നും ഭീഷണിയുണ്ടെന്ന് ഇയാൾ പ്രചരണം നടത്തി. പിന്നീട് ഒരു നാടൻതോക്ക് സംഘടിപ്പിച്ച ഇയാൾ മറ്റു പ്രതികളുമായി സ്ഥിരമായി വരാറുളള ഡൽഹിയിലെ ഖൈബർ പാസിലെത്തി. പദ്ധതിയനുസരിച്ച് ഗുഡ്‌ഡുവും അനിലും അമർ പാലിനെ വെടിവച്ച ശേഷം കടന്നുകളഞ്ഞു.
വെടിയേറ്റ അമർ പാൽ തന്റെ സുഹൃത്തിന്റെ അടുത്തേക്ക് ഓടിയെത്തി ഓംബിറും കുടുംബവും തന്നെ ആക്രമിച്ചെന്ന് പറഞ്ഞു. തുടർന്ന് പൊലീസ് അന്വേഷണം വരുമ്പോൾ ഓംബിറിനെതിരെ മൊഴി നൽകി കുടുക്കാമെന്നും തീരുമാനിച്ചു.
സംഭവം അന്വേഷിച്ച ഡിസിപി ആന്റോ അൽഫോൺസിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം കേസിൽ ചില സംശയങ്ങൾ തോന്നി അനിലിനെ ചോദ്യം ചെയ്‌തു. തുടർന്നാണ് സംഭവത്തിലെ ഗൂഢാലോചന പുറത്തുവന്നത്. അമർ പാലിനെ പദ്ധതിയിൽ സഹായിച്ച ഗുഡ്‌ഡുവും മറ്റൊരു സഹായി മനീഷും ഒളിവിലാണ്. ഇവരെ അന്വേഷിക്കുകയാണ് പൊലീസ്. വെടിയേറ്റ് ചികിത്സയിലുളള അമർ പാലിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ്.