മരുന്നിനെ മാത്രം ആശ്രയിച്ച് ജീവിച്ചുകൊള്ളാമെന്ന് കരുതിയവർക്കേറ്റ
തിരിച്ചടിയാണ് കൊവിഡ്. ഒരു പിടി മരുന്നുകളെ ആശ്രയിച്ച് കൃത്രിമമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു അവസ്ഥയാണ് ആരോഗ്യമെന്ന് കരുതിയിരുന്നവരെ കുറച്ചൊന്നുമല്ല കൊവിഡ് ചിന്തിപ്പിച്ചത്.
ആരോഗ്യത്തിന്റെ നിർവചനം പോലും കാറ്റിൽപ്പറത്തി മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യസംരക്ഷണത്തിന് എന്തൊല്ലാം ശ്രദ്ധിക്കണമെന്ന ചിന്തയും പ്രവർത്തിയും ഏതാണ്ട് കുറഞ്ഞു വരികയായിരുന്നു എന്ന് പറയാം.
സ്വന്തം ആരോഗ്യമെന്നത് അടുത്ത് നിൽക്കുന്നയാളിന്റെയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും കൂടി ആരോഗ്യത്തിന്റെ ആകെത്തുകയാണെന്ന്
നമുക്കിപ്പോൾ മനസിലായിട്ടുണ്ട്.
ചികിത്സയേക്കാൾ പ്രാധാന്യം നൽകേണ്ടത് ആരോഗ്യസംരക്ഷണത്തിനായിരിക്കണമെന്ന് പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അർഹമായ പ്രാധാന്യം കൊടുക്കാൻ നമ്മൾ ശ്രദ്ധിച്ചിരുന്നതേയില്ല.എന്നാൽ, അതുതന്നെയാണ് ശരിയെന്ന് ഇപ്പോൾ ബോദ്ധ്യമായിവരുന്നു.
ആരോഗ്യസംരക്ഷണത്തിനുള്ള എന്തൊക്കെ ഉപാധികളാണ് നമുക്ക് ചുറ്റിലുമുള്ളത്?
ഒരാളോ പത്ത് പേരോ കുറേനേരം നടക്കുന്നതുകൊണ്ടോ വ്യായാമം ചെയ്യുന്നതുകൊണ്ടോ ഒരു സമൂഹത്തിൽ ആരോഗ്യമുണ്ടാകുന്നതെങ്ങനെ? കുറച്ചുപേർ വ്യക്തിശുചിത്വം പാലിച്ചാൽ അത് പരിസരശുചിത്വത്തിന് സമാനമാകുമോ? നിത്യവും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ധാന്യങ്ങളും കറിവേപ്പിലയും പലവ്യഞ്ജനങ്ങളും വിഷമുള്ളവയായി മാറിക്കൊണ്ടിരിക്കുമ്പോൾ അവ ഉപയോഗിച്ച് ജീവിതം തള്ളിനീക്കുന്നവർക്ക് ആരോഗ്യമുണ്ടാകുന്നതെങ്ങനെ?
ആരോഗ്യവും രോഗപ്രതിരോധവും മെച്ചപ്പെടുത്തുന്നതിന് മരുന്നിനെ ആശ്രയിക്കാമെന്നു കരുതിയവരെയെല്ലാം ഓരോ രോഗവും ഉണ്ടാകാതിരിക്കുന്നതിന് നമുക്ക് ചുറ്റിലുമുള്ള പ്രകൃതിദത്ത വിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പഠിപ്പിക്കേണ്ടതല്ലേ? പഥ്യമായവ ആരോഗ്യത്തെ ഉണ്ടാക്കുന്നതുപോലെ അപഥ്യമായവ രോഗങ്ങളെ ഉണ്ടാക്കുമെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ടതല്ലേ? ഓരോ രോഗാവസ്ഥയിലും ഹിതമായവ മനസ്സിലാക്കി ശീലിച്ചും അഹിതമായവ ഒഴിവാക്കിയും രോഗം വർദ്ധിക്കുന്നത് തടയാമെന്നുള്ള അറിവ് തലമുറകളിലൂടെ പകർന്നു നൽകേണ്ടതല്ലേ?
കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും കഴിക്കുന്ന ഭക്ഷണവും പാർപ്പിടത്തിന്റെ സാഹചര്യങ്ങളും ശുദ്ധവും സുരക്ഷിതവുമല്ലെങ്കിൽ ആരോഗ്യമുണ്ടാകുന്നതെങ്ങനെ? പാർപ്പിടസമുച്ചയങ്ങളുടെ മുകളിൽ പാർക്കുന്നവരുടെ ആരോഗ്യമെന്നത് അതിനു താഴെയുള്ള ചേരികളുടെ സാഹചര്യങ്ങളെകൂടി ആശ്രയിച്ചാണിരിക്കുന്നതെന്ന് നിസ്സാരമെന്നു കരുതിയ കൊതുക് നമ്മളെ പഠിപ്പിച്ചില്ലേ?
വിശപ്പു മാറ്റാനും പോഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഗുളികകൾ മതി എന്ന് വിചാരിച്ചിരുന്നവർക്ക് സ്വന്തം കാര്യത്തിനെങ്കിലും കൃഷിയിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത ഇപ്പോൾ മനസ്സിലായി വരുന്നുണ്ട്.
സമ്പത്തുണ്ടെങ്കിൽ എന്തും നേടാമെന്ന് കരുതിയവർക്ക് പോലും ആരോഗ്യം നേടാൻ അതൊന്നും മതിയാകില്ലെന്ന് പൂർണ്ണമായും ബോദ്ധ്യപ്പെട്ടു. നമ്മൾ കഴിക്കുന്ന ഭക്ഷണവും ഉപയോഗിക്കുന്ന മരുന്നും ജീവിത സുഖങ്ങൾപോലും ആരോഗ്യത്തെ സംരക്ഷിക്കുന്ന വിധമുള്ളതാകണമെന്ന് ചിന്തിക്കാൻ തുടങ്ങിയത് നല്ല കാര്യം. ഒരുതുള്ളി ശുദ്ധജലംപോലും നഷ്ടപ്പെടുത്താതിരിക്കാനും ദൗർലഭ്യമുണ്ടാകാതിരിക്കാൻ ജലം പുനരുപയോഗിക്കുന്നതിനും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
ശുദ്ധവായു കിട്ടുന്നതിനും ചികിൽസയ്ക്കായും ഔഷധസസ്യങ്ങളും മരങ്ങളും നടുന്നതിനും മറ്റ് പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും ബുദ്ധിപൂർവ്വം ഉപയോഗിക്കുകയും വേണം.
നല്ല ഭക്ഷണത്തിനായി കൃഷി ചെയ്യുന്നതിനും വ്യായാമത്തിനായി പുതിയ സംവിധാനങ്ങൾ ഒരുക്കുന്നതിനും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനും മാലിന്യങ്ങൾ തരംതിരിച്ച് ഒഴിവാക്കുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി പ്രകൃതിക്കനുയോജ്യമായ ഇടങ്ങളൊരുക്കുന്നതിനും ശ്രദ്ധവേണം.
ആരോഗ്യം സംരക്ഷിക്കേണ്ടതിനാവശ്യമായ ബോധവൽക്കരണം വിദ്യാഭ്യാസത്തിന്റെതന്നെ ഭാഗമാക്കുന്നതിനും രോഗം ചികിത്സിക്കുന്നതിന് തദ്ദേശീയമായ സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനുമെല്ലാമുള്ള ഇടപെടലുകളിൽ നമ്മളോരോരുത്തരും കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് വരേണ്ടതുണ്ട്.
നാടിന്റെ വികസനമെന്നത് നമ്മുടെ സംസ്കാരങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ളതാകാൻ ശ്രദ്ധ നൽകേണ്ടതുണ്ട്. ഓരോരുത്തരും വികസനങ്ങളിൽ പങ്കാളിയാകേണ്ടവരുമാണ്. ഇവിടെ പറഞ്ഞ നമ്മുടെ ഭാവി നിശ്ചയിക്കേണ്ടതായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രാജ്യത്തിൻെറ വളർച്ചയിൽ ഇടപെടാൻ നമ്മളോരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ളൊരു പൗരനു മാത്രമല്ലേ ശരിയായി ചുമതലകൾ നിർവഹിക്കുവാനാകൂ. ഒരു സുപ്രഭാതത്തിൽ ആരെങ്കിലും നമുക്കാവശ്യമായ ആരോഗ്യം നൽകാനെത്തുമെന്നത് മിഥ്യാബോധമാണ്. ശൈശവം മുതൽ ഇത്തരം കാര്യങ്ങൾ ശീലിപ്പിക്കുന്നതിനുള്ള സാഹചര്യമാണുണ്ടാകേണ്ടത്.
കൊവിഡ് പോലുള്ള അവസ്ഥകളിൽ പ്രത്യേകിച്ചും നമുക്കും അടുത്ത തലമുറകൾക്കും ആരോഗ്യത്തോടെ മുന്നോട്ടു പോകുവാനുള്ള ആരോഗ്യ അടിത്തറ ഭദ്രമാക്കാനുള്ള ശരിയായ പ്രവർത്തനങ്ങൾ ഇനിയും വൈകുവാൻ പാടില്ല. പുതിയൊരു ആരോഗ്യകാഴ്ചപ്പാട് ഉണ്ടാകേണ്ടത് അനിവാര്യമാണ്.