camera

തിരുവനന്തപുരം: സ്റ്റുഡിയോ ഉടമയുടെ മൂന്നുലക്ഷം രൂപയുടെ ക്യാമറയുമായി യുവാവ് കടന്നു. വർക്കല പാളയം കുന്നിലെ റാഡ് സിനിമയുടെ ഉടമ ഡിലിജെന്റ് ബ്ലെസ്ലിയുടെ ക്യാമറയാണ് നഷ്ടമായത്. ക്യാമറ വാടകയ്ക്ക് കൊടുക്കാനുണ്ടെന്നുള്ള പരസ്യം കണ്ട് എത്തിയ കൊല്ലം കാവനാട് സ്വദേശി ബിനുകൃഷ്ണൻ വ്യാജ രേഖകൾ നൽകി ക്യാമറയുമായി കടക്കുകയായിരുന്നു എന്നാണ് വർക്കല ഡിവൈ എസ് പി ഓഫീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ലോണെടുത്താണ് ഡിലിജെന്റ് ബ്ലെസ്ലി ക്യാമറ വാങ്ങിയത്. ലോക്ക്ഡൗണിനെ തുടർന്ന് ജോലികൾ തീരെ കുറഞ്ഞതോടെ ലോണിന്റെ തവണ അടയ്ക്കാൻ കഴിയാത്ത അവസ്ഥയായി. ഇതേതുടർന്നാണ് ക്യാമറ വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. തുടർന്ന് പരസ്യം ചെയ്തു. ഈ പരസ്യം കണ്ടാണ് ബിനുകൃഷ്ണൻ വിളിക്കുന്നത്. ഈ മാസം ഒന്നാം തീയതി സ്റ്റുഡിയോയിലെത്തിയ ബിനുകൃഷ്ണൻ തന്റെ സഹോദരിയുടെ വിവാഹമാണെന്നും സാമ്പത്തികം ഇല്ലാത്തതിനാൽ വേറെ ഫോട്ടോഗ്രാഫറെ ഏർപ്പെടുത്താൻ കഴിയില്ലെന്നും അതിനാൽ ക്യാമറ വാടകയ്‌ക്കെടുത്ത് സ്വന്തമായി ഫോട്ടോ എടുക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു. ആധാർ, പാൻ കാർഡ് തുടങ്ങിയ രേഖകളും അയാൾ നൽകി. ഒപ്പം 1500 രൂപയും. വളരെ മര്യാദക്കാരനായാണ് അയാൾ പെരുമാറിയത്. തന്റെ കുടുംബത്തിന്റെ ദയനീയ അവസ്ഥയെക്കുറിച്ചും അയാൾ വിശദീകരിച്ചു.സംശയമൊന്നും തോന്നാത്തതിനാൽ ക്യാമറ നൽകുകയും ചെയ്തു.

camera

രണ്ടുദിവസം കഴിഞ്ഞ് ബിനുകൃഷ്ണൻ വീണ്ടും വിളിച്ചു. ഒരു ദിവസം കൂടി ക്യാമറ ആവശ്യമുണ്ടെന്നും അതുകഴിഞ്ഞ് തന്നാൽപോരെ എന്നുമാണ് അയാൾ ചോദിച്ചത്. ഡിലിജെന്റ് സമ്മതം മൂളി. പിറ്റേദിവസം ക്യാമറയുമായി ബിനുകൃഷ്ണൻ എത്താത്തതിൽ സംശയം തോന്നി വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെയാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് രേകൾ പരിശോധിച്ചപ്പോൾ എല്ലാം വ്യാജമാണെന്നും അയാൾ തന്നെ ഡിസൈൻ ചെയ്തതാണെന്നും വ്യക്തമായി. തുടർന്നാണ് പരാതി നൽകിയത്.

ബിനുകൃഷ്ണന്റെ ചിത്രമുൾപ്പടെ തനിക്കുണ്ടായ അനുഭവം ഡിലിജെന്റ് ബ്ലെസ്ലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇയാളുടെ തട്ടിപ്പിനിരയായ നിരവധിപേരാണ് വിളിച്ചത്. മൊബൈൽഫോണും ക്യാമറയും ഉൾപ്പെടെ ഇയാൾ നിരവധിപേരിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ട്.

തട്ടിപ്പിന്റെ തലതാെട്ടപ്പൻ

തന്റെ ഇല്ലായ്മ പറഞ്ഞാണ് മിക്കവരെയും ഇയാൾ വീഴ്ത്തിയത്. ഇരയെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ തന്റെ സോഷ്യൽ മീഡിയായ അക്കൗണ്ടിൽ നിന്ന് അയാളെയും കൂട്ടുകാരെയും ബ്ലോക്കുചെയ്യും. തുടർന്നാണ് തട്ടിപ്പിനിറങ്ങുന്നത്. ഒരു വലിയ ബാഗുമായാണ് കക്ഷി എത്തുന്നത്. മാന്യമായി വസ്ത്രം ധരിച്ച് നന്നായി സംസാരിക്കുന്നതിനാൽ ആർക്കും സംശയം തോന്നുകയേ ഇല്ല. . കൈക്കലാക്കുന്ന സാധനങ്ങൾ കൊണ്ടുപോകാനാണ് ഒപ്പമുളള വലിയ ബാഗ്.

പരാതി ലഭിച്ചതോടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ബിനുകൃഷ്ണന്റെ വീട്ടിലെത്തി. ഏറെ നാളുകളായി വീട്ടിൽ വരാറില്ലെന്നായിരുന്നു വീട്ടുകാർ പറയുന്നത്. ഇത്തരത്തിലുള്ള നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും ഇയാളുടെ പേരിൽ പല ജില്ലകളിലും സമാന സംഭത്തിൽ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്..