വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ രുചിച്ചു നോക്കാൻ താത്പര്യമില്ലാത്തവർ കുറവാണ്. എന്നാൽ, ഇഷ്ടമുള്ള വിഭവങ്ങൾ രുചിച്ചു നോക്കാൻ ചിലപ്പോഴെങ്കിലും സാമ്പത്തികം ഒരു വിലങ്ങുതടിയായി മാറാറുണ്ട്. ചില ഭക്ഷണങ്ങളുടെ വില കേട്ടാൽ കോടീശ്വരന്മാർ പോലും രണ്ടാമതൊന്ന് ചിന്തിച്ചുപോകും! ഭക്ഷണപ്രിയർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില 'എക്സ്പെൻസീവ്' ഭക്ഷണ വിഭവങ്ങളെ പരിചയപ്പെടാം...
മാറ്റ്സതേക്ക് മഷ്റൂം
ലോകത്തിലെ ഏറ്റവും വിലയേറിയ കൂണുകളിൽ ഒന്നാണ് മാറ്റ്സതേക്ക് കൂൺ. ജപ്പാനിലെ താമ്പ മേഖലയിലാണിത് കാണപ്പെടുന്നത്. ജാപ്പനീസ് ഭക്ഷ്യവിഭവങ്ങളിൽ രാജകീയ സ്ഥാനം അലങ്കരിക്കുന്ന മാറ്റ്സതേക്ക് കൂൺ ഏറ്റവും രുചികരമായൊരു വിഭവവുമാണ്.
വന്മരങ്ങളുടെ സാന്നിദ്ധ്യവും, പ്രാണികളുടെ ആക്രമണവും കാരണം ഈ കൂൺ വിഭവത്തിന്റെ ലഭ്യത കാര്യമായി കുറച്ചിട്ടുണ്ട്. കഷ്ടി ഒരു ദിവസം മാത്രമാണ് മാറ്റ്സുതേക്ക് കൂണിന്റെ ആയുസ് എന്നതിനാൽ ഇവ നട്ടുവളർത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ 1,000 മുതൽ 2,000 ഡോളർ വരെയാണ് മാറ്റ്സുതേക്ക് കൂണിന്റെ വില (അതായത് ഏകദേശം 75,000 മുതൽ 1.5 ലക്ഷം രൂപ വരെ).
ആയം സെമാനി
ബ്ലാക്ക് ചിക്കൻ
കറുത്ത ചിക്കൻ എന്നറിയപ്പെടുന്ന ഈ വിഭവത്തിന്റെ ഉത്ഭവം ഇന്തോനേഷ്യയിലാണ്. ഇത്തരം കോഴിയുടെ ശരീരത്തിലെ രക്തം ഒഴികെ എല്ലാ ഭാഗങ്ങൾക്കും കറുപ്പ് നിറമാണ്. തൂവലുകൾ, മാംസം, നാവ് എന്ന് വേണ്ട സർവം കറുപ്പ് മയം. ഒറ്റ നോട്ടത്തിൽ കണ്ടാൽ ടാറിൽ കുളിച്ച കോഴിയെപ്പോലെ തോന്നിക്കും. ആയം സെമാനി ബ്ലാക്ക് ചിക്കനെ കണ്ടാൽ. വളരെ അപൂർവമായ ഈ കോഴിയിറച്ചിക്ക് എത്രയാണ് വിലയെന്നോ? 5000 ഡോളർ. അതായത് 3.7 ലക്ഷം രൂപ.
ഫുഗു ഫിഷ്
ലോകത്തിലെ ഏറ്റവും അപകടകാരിയായ മീൻ ആണ് ഫുഗു ഫിഷ് അഥവാ പഫർ ഫിഷ്. ഇവയുടെ ശരീത്തിൽ വിഷാംശമുള്ളതിനാൽ ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ തീർച്ചയായും കഴിക്കുന്ന വ്യക്തിയുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ഫുഗു ഫിഷിന്റെ വിഷത്തിന് ചികിത്സയുമില്ല. മികച്ച പരിശീലനം ലഭിച്ച ലൈസൻസുള്ള പാചകക്കാർക്ക് മാത്രമേ ഇത് വിളമ്പാൻ അനുവാദമുള്ളൂ. ഒരു മത്സ്യത്തിന് ഏകദേശം 300 ഡോളർ (22,000 രൂപയിൽ കൂടുതൽ) വിലവരും.
കോപി ലുവാക് കോഫി
അത്യപൂർവവും ചെലവേറിയതുമായ കാപ്പിയുടെ വകഭേദമാണ് കോപി ലുവാക് കോഫി. ഉൽപാദന പ്രക്രിയയാണ് ഈ കാപ്പിയെ വ്യത്യസ്തമാക്കുന്നത്. മരപ്പട്ടി, വെരുക് എന്നിവയുടെ ഇഷ്ടഭക്ഷണമാണ് ഈ കാപ്പിക്കുരു. എന്നാൽ ദഹനം നടക്കാത്തതിനാൽ ഈ ജീവികളുടെ മലത്തോടൊപ്പം കാപ്പികുരുവും പുറത്തേക്ക് വരും. ഈ മലം ശേഖരിച്ച് കാപ്പിക്കുരു വേർതിരിച്ച് സംസ്‌കരിച്ചാണ് കോപി ലുവാക് കോഫി തയ്യാറാക്കുന്നത്. ലഭ്യത കുറവും ഉയർന്ന ഡിമാൻഡുമുള്ളതിനാൽ കോപി ലുവാക് കോഫി കിലോയ്ക്ക് 250 മുതൽ 1200 ഡോളർ വരെയാണ് വില.