plastic

തിരുവനന്തപുരം: നഗരത്തിലെ പ്ളാസ്‌റ്റിക് മാലിന്യത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ വീടുകളിൽ വന്ന് മാലിന്യം നേരിട്ട് ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒരു മാസത്തിനകം പദ്ധതിക്ക് ആരംഭമാകും. സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏറ്റവും അടുത്ത മാലിന്യ ശേഖരണ കേന്ദ്രം ആപ്പിലൂടെ അറിയാനാകും. നഗരസഭ മാലിന്യങ്ങൾ നിലവിൽ ശേഖരിക്കുന്നത് മാലിന്യ ശേഖരണ പോയിന്റുകളിൽ നിന്നാണ്.

കൊവിഡ് വ്യാപനത്തെ തുടർന്ന് നഗരത്തിൽ മാലിന്യ ശേഖരണവും സംസ്‌കരണവും വേണ്ടവിധം നടക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ മൂന്ന് മാസമായി നഗരത്തിലെ വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം തടസപ്പെട്ടിരിക്കുകയാണ്. വ്യാവസായിക നഗരം അല്ലാത്തതുകൊണ്ട് തന്നെ തലസ്ഥാന നഗരത്തിൽ നിന്നുള്ള ഖരമാലിന്യത്തിന്റെ ഭൂരിഭാഗവും വീടുകളിൽ നിന്നാണ്. ആകെയുള്ള മാലിന്യത്തിന്റെ പകുതിയിൽ കൂടുതലും ജൈവമാലിന്യമാണ്. അവശേഷിക്കുന്നതിൽ കടലാസും കാർഡ് ബോഡും പോലുള്ള അഴുകിപ്പോകുന്നതോ കത്തിച്ചുകളയാവുന്നതോ ആയവയാണ്. കുപ്പിച്ചില്ലും ലോഹഭാഗങ്ങളും മറ്റുമടങ്ങിയ പുനഃചംക്രമണം (റീസൈക്കിൾ)​ ചെയ്യാവുന്ന വസ്തുക്കളുണ്ട്. വെട്ടിയിട്ട ചെടികളുടെയും മരങ്ങളുടെയും ഭാഗങ്ങളുണ്ട്. പ്ലാസ്റ്റിക് കൂടുകളും സഞ്ചികളും പ്ലാസ്റ്റിക് കുപ്പികളും മറ്റുമുണ്ട്. ഇതിലൊന്നുംഉൾപ്പെടാത്ത റബ്ബർ, തടി, തുണി, തുടങ്ങിയ പദാർത്ഥങ്ങൾ കൊണ്ടുണ്ടാക്കിയ വസ്തുക്കളുമുണ്ട്.

 കുടുംബശ്രീ പ്രവർത്തകർ വീട്ടിലെത്തും

പദ്ധതി പ്രകാരം ആഴ്ചയിൽ ഒരിക്കൽ കുടുംബശ്രീ പ്രവർത്തകർ കോർപ്പറേഷൻ പരിധിയിലെ 100 വാർഡുകളിലെയും വീടുകളിലെത്തി പ്ളാസ്‌റ്റിക് മാലിന്യം ശേഖരിക്കും. ഇതിനായി 1500 കുടുംബശ്രീ വോളന്റിയർമാരെയാണ് കണ്ടെത്തിയിരിക്കുന്നത്. മാലിന്യം ശേഖരിക്കുമെന്ന് മാത്രമല്ല,​ മാലിന്യ സംസ്‌കരണത്തിനുള്ള സഹായവും ഇവർ നൽകും. ശേഖരിക്കുന്ന പ്ളാസ്‌റ്റിക് മാലിന്യങ്ങൾ ഇവ സംസ്‌കരിക്കുന്ന ഏജൻസികൾക്ക് കൈമാറും.

 21 ടൺ പ്ളാസ്‌റ്റിക് മാലിന്യം

കഴിഞ്ഞ രണ്ട് മാസമായി നഗരസഭ പ്ളാസ്‌റ്റിക് മാലിന്യം ഒന്നുംതന്നെ ശേഖരിക്കുന്നില്ല. മാർച്ചിന് ശേഷം ഇതുവരെ നേരാവണ്ണം മാലിന്യ ശേഖരണം നടന്നിട്ടില്ല എന്നതാണ് സത്യം. ഇതിന്റെ ഫലമായി പ്ളാസ്റ്റിക് കുന്നുകൂടുകയും കൊതുകുകൾ പെരുകാനും തുടങ്ങി. കോർപ്പറേഷൻ പരിധിയിൽ പ്രതിദിനം ശരാശരി 21 ടൺ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നുവെന്നാണ് കണക്ക്. ആകെ രൂപപ്പെടുന്ന ഖരമാലിന്യങ്ങളുടെ 40 ശതമാനവും പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. നഗരപരിധിയിലെ ഓരോ വീടുകളിലും പ്രതിദിനം 1.5 കിലോ പ്ളാസ്റ്റിക് മാലിന്യം ഉണ്ടാകുന്നെന്നാണ് പഠനങ്ങളിൽ പറയുന്നത്. അതായത് പ്രതിമാസം ഉണ്ടാകുന്ന പ്ളാസ്റ്റിക് മാലിന്യം മാത്രം 400 മുതൽ 450 ടൺ വരും.