petrol-pump

കൊല്ലം: ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് ഗുണ്ടയുടെ ക്രൂര മർദ്ദനം. പള്ളിമുക്കിലെ പമ്പിൽ ഇന്ധനം നിറയ്‌ക്കാൻ എത്തിയ ആളാണ് കൊട്ടിയം സ്വദേശി സിദ്ദിഖിനെ മർദ്ദിച്ചത്. കഴിഞ്ഞ വെളളിയാഴ്‌ച രാത്രി ഏഴരയ്ക്കാണ് കൈയ്‌ക്കും കാലിനും സ്വാധീനമില്ലാത്ത സിദ്ദിഖിന് മർദ്ദനമേറ്റത്. ബഹുമാനിച്ചില്ല എന്നു പറഞ്ഞായിരുന്നു മർദ്ദനം.

പെട്രോള്‍ അടിയ്‌ക്കാനെത്തിയപ്പോള്‍ പെട്രോള്‍ ടാങ്കിന്‍റെ അടപ്പ് അതിനോട് ചേര്‍ന്ന് തന്നെയാണ് വച്ചിരുന്നത്. അത് കൈകൊണ്ട് എടുത്തുമാറ്റിയില്ലെന്ന് പറഞ്ഞാണ് പെട്രോള്‍ അടിക്കാനെത്തിയ ആള്‍ പ്രകോപിതനായത്. തുടര്‍ന്ന് ഇയാള്‍ പെട്രോളിന്‍റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുത്തു.

പൈസ ഇങ്ങനെ എറിയാമോ എന്ന് ചോദിച്ചതോടെ ക്ഷുഭിതനായ ഇയാള്‍ പമ്പിലെ മാനേജരെ പോയി കണ്ട് സിദ്ദിഖിനെതിരേ പരാതി നല്‍കി. പിന്നീട് തിരികെയെത്തി ഫോണ്‍ നമ്പറും മേൽവിലാസവും ചോദിച്ചു. അത് നല്‍കാന്‍ വിസമ്മതിച്ചതോടെ വീണ്ടും മാനേജരെ കണ്ട് പരാതി പറയുകയും തിരികെയെത്തി സിദ്ദിഖിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഏഴുതവണ തന്നെ അടിച്ചതായാണ് സിദ്ദിഖ് പറയുന്നത്.

പെട്രോൾ പമ്പിലെ സി സി ടി വിയിലെ ദൃശ്യങ്ങൾ ശേഖരിച്ച ഇരവിപുരം പൊലീസ് പ്രതിയെ കണ്ടെത്താനുളള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അടിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഇന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നതെന്നും സിദ്ദിഖിന്‍റെ സുഹൃത്തുക്കൾ അറിയിച്ചു. ആക്രമണം നടത്തിയ വ്യക്തി നേരത്തെ തന്നെ രണ്ട് കേസുകളിൽ പ്രതിയാണെന്നും സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയുമാണെന്നാണ് പൊലീസ് പറയുന്നത്.