gst

 എട്ടുമാസത്തിന് ശേഷം ആദ്യമായി സമാഹരണം ഒരുലക്ഷം കോടി രൂപയ്ക്ക് താഴെ

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരംഗം സമ്പദ്‌‌മേഖലയെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം ജി.എസ്.ടി സമാഹരണം ഒമ്പത് മാസത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. 92,849 കോടി രൂപയാണ് ജൂണിൽ നേടിയത്. 2020 സെപ്‌തംബറിലെ 95,480 കോടി രൂപയ്ക്ക് ശേഷം സമാഹരിക്കുന്ന ഏറ്റവും കുറഞ്ഞ തുകയുമാണിത്. സമാഹരണം ഒരുലക്ഷം കോടി രൂപയ്ക്ക് താഴെയാകുന്നത് തുടർച്ചയായ എട്ട് മാസങ്ങൾക്ക് ശേഷം ആദ്യം.

നടപ്പുവർഷം (2021-22) ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപയും മേയിൽ 1.02 ലക്ഷം കോടി രൂപയും ലഭിച്ചിരുന്നു. കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 16,424 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 20,397 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 49,079 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ് (ഐ.ജി.എസ്.ടി). 6,949 കോടി രൂപ സെസായും ലഭിച്ചു. അതേസമയം, 2020 ജൂണിലെ 90,917 കോടി രൂപയേക്കാൾ രണ്ടു ശതമാനം അധികമാണ് കഴിഞ്ഞമാസത്തെ സമാഹരണം.

ഇടിവിന് പിന്നിൽ

മേയിലെ സാമ്പത്തിക ഇടപാടുകളുടെ ജി.എസ്.ടിയാണ് ജൂണിൽ സമാഹരിച്ചത്. ജൂണിലെ ഇടപാടുകളുടെ ജി.എസ്.ടി ഈമാസം പിരിക്കും. അങ്ങനെയാണ് രീതി. കൊവിഡ് രണ്ടാംതരംഗം മൂലം ഒട്ടുമിക്ക സംസ്ഥാനങ്ങളും മേയിൽ പൂർണമോ ഭാഗികമായോ ലോക്ക്ഡൗണിൽ ആയിരുന്നതാണ് സമാഹരണം കുറയാൻ ഇടയാക്കിയത്.

കരകയറ്റം ഉറപ്പെന്ന് കേന്ദ്രം

സംസ്ഥാനാന്തര ചരക്കുനീക്കത്തിനുള്ള ഇ-വേ ബിൽ ജനറേഷൻ, രാജ്യത്തെ സാമ്പത്തിക ഇടപാടുകളുടെ സ്ഥിതി വ്യക്തമാക്കുന്ന ഒരുഘടകമാണ്. ഏപ്രിലിൽ 5.88 കോടി ഇ-വേ ബിൽ ജനറേറ്റ് ചെയ്യപ്പെട്ടു. മേയിൽ ഇത് 30 ശതമാനം ഇടിഞ്ഞ് 3.99 കോടിയായി. ജൂണിൽ എണ്ണം 5.5 കോടിയായിട്ടുണ്ട്. ഇത്, സമ്പദ്‌പ്രവർത്തനങ്ങളുടെ തിരിച്ചുകയറ്റമാണ് വ്യക്തമാക്കുന്നതെന്നും ജൂലായ് മുതൽ ജി.എസ്.ടി സമാഹരണം മെച്ചപ്പെടുമെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

 പ്രതിദിന ഇ-വേ ബിൽ ഏപ്രിൽ അവസാന ആഴ്ച : 16 ലക്ഷം

 മേയ് ഒമ്പത് മുതൽ 22 വരെ : 12 ലക്ഷം

 ജൂൺ അവസാനവാരം : 20 ലക്ഷം

ജി.എസ്.ടി സമാഹരണം

(കഴിഞ്ഞ സെപ്‌തംബർ മുതൽ)

സെപ്‌തംബർ : ₹95,480 കോടി

ഒക്‌ടോബർ : ₹1.05 ലക്ഷം കോടി

നവംബർ : ₹1.04 ലക്ഷം കോടി

ഡിസംബർ : ₹1.15 ലക്ഷം കോടി

ജനുവരി : ₹1.19 ലക്ഷം കോടി

ഫെബ്രുവരി : ₹1.13 ലക്ഷം കോടി

മാർച്ച് : ₹1.23 ലക്ഷം കോടി

ഏപ്രിൽ : ₹1.41 ലക്ഷം കോടി

മേയ് : ₹1.02 ലക്ഷം കോടി

ജൂൺ : ₹92,849 കോടി