arjun

കൊച്ചി: തന്നെ കസ്‌റ്റഡിയിലെടുത്തതിന്റെ രണ്ടാം ദിവസം വിവസ്‌ത്രനാക്കി കസ്‌റ്റംസ് സംഘം ക്രൂരമായി മർദ്ദിച്ചെന്ന് അർജുൻ ആയങ്കി കോടതിയിൽ. കള‌ളക്കടത്ത് കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു അർജുൻ ആയങ്കിയുടെ ഈ വെളിപ്പെടുത്തൽ. എന്നാൽ അവിടെ സിസിടിവി ഇല്ലേ എന്ന് കോടതി അ‌ർജുനോട് ചോദിച്ചു. കസ്‌റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വച്ചാണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു അ‌ർജുന്റെ മറുപടി. അർജുനെ ഏഴ് ദിവസം കൂടി കസ്‌റ്റഡിയിൽ വേണമെന്ന് കസ്‌റ്റംസ് സംഘം കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷയനുഭവിക്കുന്ന പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും കണ്ണൂ‌‌ർ കേന്ദ്രീകരിച്ച് കള‌ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ രക്ഷാധികാരികളായി പ്രവ‌‌ർത്തിച്ചെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു.

സംഘം ഒരു രാഷ്‌ട്രീയ പാർട്ടിയെ മറയാക്കി സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. ഇങ്ങനെ യുവാക്കളെ പാ‌ർട്ടിയിലേക്ക് അടുപ്പിച്ച് ഇവരെ ഉപയോഗിച്ച് കള‌ളക്കടത്ത് നടത്തിയെന്നാണ് കസ്‌റ്റംസ് വെളിപ്പെടുത്തിയത്. പാർട്ടി പേരിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ യുവാക്കളെ ഉപയോഗിച്ച് നടത്തുകയും അങ്ങനെ പണം സമ്പാദിച്ച് അത് കള‌ളക്കടത്തിന് ഉപയോഗിക്കുകയും ചെയ്‌തതായാണ് കസ്‌റ്റംസ് വെളിപ്പെടുത്തൽ.

ഇപ്പോൾ പരോളിലുള‌ള ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്നും ചില സുപ്രധാന ഇലക്‌ട്രോണിക് തെളിവുകൾ ലഭിച്ചതായും ഇവയുടെ അടിസ്ഥാനത്തിൽ ഷാഫിയെ അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്‌റ്റംസ് അറിയിച്ചു.

അർജുൻ ആയങ്കി നൽകിയ മൊഴികൾ പലതും പരസ്‌പര വിരുദ്ധമാണ്. കസ്‌റ്റഡിയിലുള‌ളവരും അർജുന്റെ ഭാര്യ നൽകിയ മൊഴി ഉൾപ്പടെ ഇയാൾക്ക് എതിരാണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു. കേസ് കസ്‌റ്റഡി അപേക്ഷ വിധി പറയാൻ മാറ്റി.